ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒരു ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. മൂന്നാം ദിവസത്തെ രണ്ടാം സെഷനില്‍ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 400ല്‍ അവസാനിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെയും അക്‌സര്‍ പട്ടേലിന്റെയും അപരാജിത ഇന്നിങ്‌സായിരുന്നു രണ്ട്, മൂന്ന് ദിവസങ്ങളില്‍ ഇന്ത്യക്ക് കരുത്തായത്. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും അക്‌സറിന്റെയും ജഡേജയുടെയും അര്‍ധ സെഞ്ച്വറിയുമായപ്പോഴേക്കും 223 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് സ്വന്തമായി.
223 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഓസീസിന് തുടക്കത്തിലേ പിഴച്ചു. ആര്‍. അശ്വിന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാത്തവരായി കങ്കാരുക്കള്‍ മാറി. ഉസ്മാന്‍ ഖവാജയെ കോഹ്‌ലിയുടെ കൈകളിലെത്തിച്ചായിരുന്നു അശ്വിന്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് അശ്വിന്റെ ജൈത്രയാത്രയായിരുന്നു.
അഞ്ച് വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. അശ്വിന് പുറമെ ജഡേജയും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ ശേഷിക്കുന്ന ഒരു വിക്കറ്റും നേടി ഓസീസിന്റെ പതനം പൂര്‍ത്തിയാക്കി.
തോറ്റെങ്കിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന ഒരു നേട്ടവും ആദ്യ ടെസ്റ്റില്‍ പിറന്നിരുന്നു. ടോഡ് മര്‍ഫിയെന്ന അരങ്ങേറ്റക്കാരന് നാഗ്പൂരില്‍ ഓസീസിനെ തുണച്ചത്.
എക്‌സ്പീരിയന്‍സ്ഡ് ബൗളേഴ്‌സായ പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണുമെല്ലാം താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് കളിക്കാനെത്തിയ 22കാരന്‍ അഴിഞ്ഞാടുകയായിരുന്നു. 47 ഓവറില്‍ 124 റണ്‍സിന് ഏഴ് വിക്കറ്റ് എന്നതായിരുന്നു മര്‍ഫിയുടെ പ്രകടനം.
കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, ആര്‍. അശ്വിന്‍, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, എസ്. ഭരത്, മുഹമ്മദ് ഷമി എന്നിവരായിരുന്നു മര്‍ഫിക്ക് മുമ്പില്‍ വീണത്.
ഇതോടെ പല നേട്ടങ്ങളും മര്‍ഫിയെ തേടിയെത്തിയിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍ എന്ന റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്. സ്‌കോട്ട് ബോളണ്ട്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേടിയ മറ്റ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍.
ഇതിന് പുറമെ നൂറ്റാണ്ട് പഴക്കമുള്ള ഒരു റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. 1882ന് ശേഷം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ അണ്ടര്‍ 23 ഓസീസ് സ്പിന്നര്‍ എന്ന നേട്ടമാണ് മര്‍ഫി സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിലെ കനത്ത പരാജയം ഓസീസിനുണ്ടാക്കിയ ആഘാതം ചെറുതല്ല. രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിനായിരിക്കും കങ്കാരുക്കള്‍ ഒരുങ്ങുന്നത്.
ഈ വിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഒരു ചുവടുകൂടി വെക്കാനും ഇന്ത്യക്കായി. ഈ പരമ്പര മികച്ച മാര്‍ജിനില്‍ വിജയിച്ച് ഡബ്ല്യൂ.ടി.സിയുടെ ഫൈനല്‍ തന്നെയാകും ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് പരമ്പരയിലെ അടുത്ത മത്സരം. ദല്‍ഹിയാണ് വേദി.
Content highlight: Todd Murphy rewrites 141 years history