| Saturday, 11th February 2023, 10:28 am

വിരാടിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പുറത്താകല്‍; അതിനെ കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചതിങ്ങനെ; വീഡിയോ കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസം ഇന്ത്യയെ സംബന്ധിച്ച് ഒരുപോലെ സന്തോഷവും നിരാശയും നല്‍കുന്നതായിരുന്നു.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയും അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അരങ്ങേറ്റക്കാരായ എസ്. ഭരത്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മോശം പ്രകടനമാണ് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കിയത്.

26 പന്തില്‍ നിന്നും 16 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു വിരാട് പുറത്തായത്. അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയായിരുന്നു വിരാട് പുറത്തായത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഡിസ്മിസ്സലായിരുന്നു അത്.

സാധ്യമായതില്‍ ഏറ്റവും മോശം രീതിയിലുള്ള പുറത്താകല്‍ എന്നായിരുന്നു കമന്ററി ടേബിളിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെട്ടത്.

മര്‍ഫിയുടെ ഡെലിവെറി ഫൈനന്‍ ലെഗിലേക്ക് ഫ്‌ളിക് ചെയ്യാന്‍ ശ്രമിച്ച വിരാടിന് പിഴയ്ക്കുകയും സെക്കന്‍ഡ് അറ്റംപ്റ്റില്‍ അലക്‌സ് കാരി ക്യാച്ച് കെപ്പിടിയിലൊതുക്കുകയുമായിരുന്നു.

വിരാടിന്റെ മോശം ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് മുപന്‍ ഓസീസ് താരം ഇയാന്‍ ചാപ്പലും രംഗത്തെത്തിയിരുന്നു. ഫൈന്‍ ലെഗിലേക്ക് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഓണ്‍ സൈഡിലേക്ക് കളിക്കണമെന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്.

‘നാശം പിടിക്കാന്‍ വിരാട് എന്തിനാണ് അത്തരത്തിലോരു ഷോട്ട് കളിച്ചത്? ഫില്‍ഡറില്‍ നിന്നും മാറി അവന്‍ ആ ഷോട്ട് ഓണ്‍ സൈഡിലേക്ക് കളിക്കണമായിരുന്നു.

ഇതുപോലെ ഫൈന്‍ ലെഗ് സ്ലിപ്പില്‍ ക്യാച്ചെടുത്ത് പുറത്താകേണ്ടി വന്നാല്‍ ഞാന്‍ ഉറപ്പായും തൂങ്ങിമരിക്കും. ഒരു വലം കയ്യന്‍ ബാറ്ററായതിനാല്‍ തന്നെ നിങ്ങള്‍ ഒരിക്കലും ആ ഭാഗത്ത് ക്യാച്ചായി പുറത്താകാന്‍ പാടില്ല,’ എന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്.

അതേസമയം, മൂന്നാം ദിവസം കളി തുടങ്ങിയപ്പോള്‍ തന്നെ ടോഡ് മര്‍ഫി ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രവീന്ദ്ര ജഡേജയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്. 185 പന്തില്‍ നിന്നും 70 റണ്‍സ് നേടിയാണ് താരം പുറത്തായത്.

125 ഓവര്‍ പിന്നിടുമ്പോള്‍ 348 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്. അക്‌സര്‍ പട്ടേലും മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്കായി ക്രീസില്‍.

Content highlight: Todd Murphy dismisses Virat Kohli, Video

We use cookies to give you the best possible experience. Learn more