| Wednesday, 1st March 2023, 12:23 pm

അങ്ങനെ വിരാടും ബണ്ണിയായി; പുറത്തായത് ഒന്നും രണ്ടും തവണയല്ല; വ്യത്യസ്തമായ ഹാട്രിക്കിനൊരുങ്ങി ഓസീസിന്റെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഓസ്‌ട്രേലിയ, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരുങ്ങുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം അമ്പേ പാളുന്ന കാഴ്ചയായിരുന്നു ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ കണ്ടത്.

മോശമല്ലാത്ത തുടക്കം ലഭിച്ചതിന് ശേഷമാണ് ഇന്ത്യയുടെ മുന്‍നിര ചീട്ടുകൊട്ടാരം പോലെ വീണത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും മികച്ച ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജയും ഒറ്റയക്കത്തിനും ശ്രേയസ് അയ്യര്‍ പൂജ്യത്തിനും പുറത്തായി.

നാലാമനായി കളത്തിലിറങ്ങി ഇന്ത്യന്‍ സ്‌കോറിനെ പതിയെ മുന്നോട്ടുകൊണ്ടുപോയ വിരാടിന്റെ വീഴ്ചയായിരുന്നു ആരാധകരെ ഞെട്ടിച്ചത്. 52 പന്തില്‍ നിന്നും 22 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്. യുവതാരം ടോഡ് മര്‍ഫിയാണ് വിരാടിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കിയത്.

ഈ പരമ്പരയില്‍ ഇതാദ്യമായല്ല വിരാട് മര്‍ഫിക്ക് മുമ്പില്‍ അടിയറവ് പറയുന്നത്. പരമ്പരയില്‍ നാല് പ്രാവശ്യം വിരാട് പുറത്തായപ്പോഴും അതില്‍ മൂന്ന് തവണയും മര്‍ഫിയുടെ കൈകൊണ്ടായിരുന്നു മടക്കം.

വിദര്‍ഭയില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റില്‍ 26 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 12 റണ്‍സ് നേടി നില്‍ക്കവെയാണ് മര്‍ഫി തന്റെ സ്പിന്‍ കെണിയുമായെത്തുന്നത്. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലേക്ക് വിരാടിനെയെത്തിച്ചപ്പോള്‍ തലയില്‍ കൈവെച്ച് നില്‍ക്കാന്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് കഴിഞ്ഞത്.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അരങ്ങേറ്റക്കാരന്‍ മാത്യു കുന്‍മാനായിരുന്നു വിരാടിനെ മടക്കിയത്. 84 പന്തില്‍ നിന്നും 44 റണ്‍സുമായി കുതിക്കവെയാണ് കുന്‍മാന്‍ വിരാടിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയത്.

രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വിരാട് വീണ്ടും മര്‍ഫിയുടെ കെണിയില്‍ വീണു. ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ 31 പന്തില്‍ നിന്നും 20 റണ്‍സായിരുന്നു വിരാടിന്റെ സമ്പാദ്യം.

ഇപ്പോള്‍ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും വിരാട് മര്‍ഫിയോട് പരാജയപ്പെട്ടിരിക്കുകയാണ്. മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വിരാടിനെ മടക്കിയാല്‍ തുടര്‍ച്ചയായി മൂന്ന് തവണ പുറത്താക്കാനും മര്‍ഫിക്ക് സാധിക്കും.

അതേസമയം, മൂന്നാം ടെസ്റ്റിലെ ആദ്യ സെഷന്‍ കഴിഞ്ഞപ്പോഴേക്കും ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. നിലവില്‍ 26 ഓവറില്‍ 84 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

13 പന്തില്‍ നിന്നും ആറ് റണ്‍സുമായി അക്‌സര്‍ പട്ടേലും അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍സുമായി ആര്‍. അശ്വിനുമാണ് ഇന്ത്യക്കായി ക്രീസില്‍.

Content Highlight: Todd Murphy dismissed Virat Kohli 3 times in this series

We use cookies to give you the best possible experience. Learn more