'ജാനുവിനെ വഞ്ചകി എന്ന് മുദ്രകുത്തുന്നവരുടെ ലക്ഷ്യം വേറെയാണ്'
Daily News
'ജാനുവിനെ വഞ്ചകി എന്ന് മുദ്രകുത്തുന്നവരുടെ ലക്ഷ്യം വേറെയാണ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th April 2016, 2:51 pm

ജനാധിപത്യപരമായി കാര്യങ്ങള്‍ മനസ്സിലാക്കാനും അത് പ്രയോഗിക്കാനുമുള്ള കാഴ്ചപ്പാട് സ്വീകരിക്കാന്‍ ജാനുവിന് കഴിഞ്ഞില്ല. ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളി ഐക്യമെന്നൊക്കെ പറയുമ്പോഴും ജാനുവിന്റെ സമീപനം അങ്ങനെയായിരുന്നില്ല. ആദിവാസി ജീവിത പരിസരത്തില്‍നിന്നാണ് അവര്‍ സങ്കല്‍പങ്ങള്‍ രൂപവത്കരിച്ചത്. സമഗ്രമായൊരു രാഷ്ട്രീയധാരണയില്ലാതെ വരുമ്പോള്‍ സംഭവിക്കുന്ന വീഴ്ചയാണത്. ജൈവനേതൃത്വത്തിന്റെ പരിമിതിയുമാണിത്. വ്യക്തിഗതമായി നേടുക, സാമൂഹികമായി നേടുക എന്ന രണ്ടു വഴികളുണ്ട്. ജാനുവിന്റെ പ്രൈമറിസ്വത്വം ട്രൈബല്‍ തന്നെയാണ്. ജാനു എടുത്തുചാട്ടം തന്നെയാണ് നടത്തിയത്. രാഷ്ട്രീയമായി വലിയ വീഴ്ച സംഭവിച്ചു.


 


#TodaysPoint : എം.ഗീതാനന്ദന്‍ |


സി.കെ ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ച് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ജാനുവിന്റെ പുതിയ നിലപാട് മാറ്റത്തെ കുറിച്ച് ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദന്‍ ആര്‍.സുനിലുമായി സംസാരിക്കുന്നു. മാധ്യമം ആഴ്ച്ചപതിപ്പില്‍ ലക്കം 948ല്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ഏഴര ശതമാനം വരുന്ന ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

എന്തു കൊണ്ടാണ് ജാനുവിന് ഇങ്ങനെ സംഭവിച്ചത് ? ജാനുവിന്റെ എന്‍.ഡി.എയിലേക്കുള്ള പോക്കിനെ എങ്ങനെ കാണുന്നു  ?

സമരമുഖത്തെ ആദിവാസി സ്‌ത്രൈണശക്തിയാണ് ജാനു. പ്രത്യേക പ്രദേശത്തുള്ള ഭൂരഹിതരുടെ സമരവുമായിട്ടാണ് അവര്‍ സമര രംഗത്തെത്തിയത്. ഈ അവബോധത്തിലാണ് ജാനുവിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോയത്. 1990കളുടെ അവസാനം വരെ എല്ലാവര്‍ക്കും ഭൂമിയുണ്ടാകണമെന്ന് വാദിച്ച സമരനായികയാണ്. ഊരുമൂപ്പന്റെ പരമ്പരാഗത പദവിയില്‍ നിന്ന് വ്യത്യസ്തമായി ശിഥിലമായൊരു ഗോത്രത്തിന്റെ സ്‌ത്രൈണ പ്രതികരണമായിരുന്നു ജാനുവിന്റേത്. അത് ആത്മകഥയിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. അത് വ്യക്തികേന്ദ്രീകൃതമായ പ്രവര്‍ത്തനമായിരുന്നു.

2001ലെ കുടില്‍കെട്ടി സമരത്തിന് ശേഷം ട്രൈബല്‍ സമരത്തിന്റെ സ്വഭാവമാകെ മാറി. ഗോത്രമഹാസഭ, ഊരുകൂട്ടങ്ങള്‍,വനാവകാശ നിയമം തുടങ്ങി നില്‍പുസമരത്തില്‍ അത് പെസയിലുമെത്തി. ഞാനാകട്ടെ സാമൂഹിക രാഷ്ട്രീയ ചിന്തയുടെയും അന്വേഷണത്തിന്റെയും ഭാഗമായി ജാനുവിനെ ആദിവാസികളുടെ സ്വത്വ പ്രതീകമായി അംഗീകരിക്കുകയും അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിത്വ സമീപനങ്ങള്‍ ഉപേക്ഷിച്ചെങ്കിലും അതിന്റെ ചില മൂല്യബോധങ്ങളുടെ പിന്തുടര്‍ച്ചയുണ്ട്. അതിനാല്‍ വ്യക്തിപരമായി മൂന്ന് സെന്റ് സ്ഥലം നേടുകയെന്നത് ലക്ഷ്യമല്ലാതായി. ജാനുവാകട്ടെ ഓര്‍ഗാനിക് നേതാവാണ്. 2001ന് ശേഷം വന്ന മാറ്റത്തെ തിരിച്ചറിയാനും പൊതു രാഷ്ട്രീയവുമായി തന്റെ നിലപാടുകളെ ഉദ്ഗ്രഥിക്കാനും ശ്രമിച്ചില്ല.

ജനാധിപത്യപരമായി കാര്യങ്ങള്‍ മനസ്സിലാക്കാനും അത് പ്രയോഗിക്കാനുമുള്ള കാഴ്ചപ്പാട് സ്വീകരിക്കാന്‍ ജാനുവിന് കഴിഞ്ഞില്ല. ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളി ഐക്യമെന്നൊക്കെ പറയുമ്പോഴും ജാനുവിന്റെ സമീപനം അങ്ങനെയായിരുന്നില്ല. ആദിവാസി ജീവിത പരിസരത്തില്‍നിന്നാണ് അവര്‍ സങ്കല്‍പങ്ങള്‍ രൂപവത്കരിച്ചത്. സമഗ്രമായൊരു രാഷ്ട്രീയധാരണയില്ലാതെ വരുമ്പോള്‍ സംഭവിക്കുന്ന വീഴ്ചയാണത്. ജൈവനേതൃത്വത്തിന്റെ പരിമിതിയുമാണിത്.

വ്യക്തിഗതമായി നേടുക, സാമൂഹികമായി നേടുക എന്ന രണ്ടു വഴികളുണ്ട്. ജാനുവിന്റെ പ്രൈമറിസ്വത്വം ട്രൈബല്‍ തന്നെയാണ്. ജാനു എടുത്തുചാട്ടം തന്നെയാണ് നടത്തിയത്. രാഷ്ട്രീയമായി വലിയ വീഴ്ച സംഭവിച്ചു.


സാധാരണ രാഷ്ട്രീയ നേതാക്കള്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാട് ഇവിടെയില്ല. ആദിവാസികളുടെ ദേശീയ സ്വത്വപ്രതീകമാണ് ജാനു. ആ ബിംബം എല്ലാവരിലേക്കും സന്നിവേശിച്ചിട്ടുണ്ട്. അതിനാല്‍ ജാനു തിരിച്ചു വരണമെന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.


janu-and-geethanandan

ജാനുവിനെ വഞ്ചകിയെന്നും മറ്റും ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. താങ്കള്‍ എങ്ങനെ കാണുന്നു ?

ജാനുവിനെ വഞ്ചകിയെന്ന് മുദ്രകുത്തുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്. ആശയപരമായി മുഴുവന്‍ മാനവരാശിയെയും രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നേതാവല്ല ജാനു. പ്രത്യയശാസ്ത്ര അടിത്തറയില്‍ വളര്‍ന്നുവന്ന നേതാവുമല്ല. അത് അവരുടെ പരിമിതിയാണെന്ന് തിരിച്ചറിയുക. രണ്ട് പതിറ്റാണ്ടായി മുന്നോട്ട് കൊണ്ടുപോയ ജനവിഭാഗങ്ങള്‍ അവര്‍ക്ക് മുന്നിലുണ്ട്. വ്യക്തിഗത മനോഭാവം മാറ്റാന്‍ തയ്യാറല്ല.

1990-95 കാലത്ത് എന്‍.ജി.ഒകളുടെ പിടിയിലായിരുന്നു. ആ പരിമിതി അവരിലുണ്ടായിരുന്നു. പെണ്‍കൂട്ടങ്ങള്‍ മാത്രമായി അത് ചുരുങ്ങി നിന്നു. ഗോത്രമഹാസഭയിലേക്കെത്തുമ്പോള്‍ പുതിയ ജനാധിപത്യ ശൈലി സ്വീകരിച്ചു. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വ്യക്തിനിഷ്ഠ നിലപാട് സ്വീകരിക്കുകയും ഊരുവികസന മുന്നണി സ്വീകരിച്ച നിലപാട് നിരാകരിക്കുകയും ചെയ്തത് അതു കൊണ്ടാണ്.

സാധാരണ രാഷ്ട്രീയ നേതാക്കള്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാട് ഇവിടെയില്ല. ആദിവാസികളുടെ ദേശീയ സ്വത്വപ്രതീകമാണ് ജാനു. ആ ബിംബം എല്ലാവരിലേക്കും സന്നിവേശിച്ചിട്ടുണ്ട്. അതിനാല്‍ ജാനു തിരിച്ചു വരണമെന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.

കടപ്പാട്: മാധ്യമം ആഴ്ചപ്പതിപ്പ്