| Tuesday, 22nd December 2015, 1:19 pm

പ്രവാസികള്‍ക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല അനുകൂലമായ നടപടികളാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

| #TodaysPoint :കെ.വി അബ്ദുള്‍ഖാദര്‍|


നാടിനും വീടിനും വേണ്ടി മരുഭൂമിയില്‍ ജീവിതം കഴിക്കുന്നവരാണ് പ്രവാസികള്‍. ഒരു ആയുഷ്‌കാലം മുഴുവന്‍ മരുഭൂമിയില്‍ ചിലവഴിച്ച പലരുടേയും തിരിച്ചുവരവ് വലിയ നേട്ടങ്ങളൊന്നുമില്ലാതെയായിരിക്കും എന്നാല്‍ നഷ്ടങ്ങളേറെയുണ്ടാവുകയും ചെയ്യും. നമ്മുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് പിന്നില്‍ ഈ പ്രവാസികളുടെ വിയര്‍പ്പും കണ്ണുനീരുമാണ് എന്ന സത്യം വിസ്മരിക്കാനാവാത്തതാണ്.

നഷ്ടങ്ങളുടെ കണക്കുകള്‍ പേറി തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഏക ആശ്രയമായ ഭരണകൂടം പക്ഷെ അവരുടെ നേരെ കണ്ണടയ്ക്കുന്നു. പ്രവാസികളോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളെ ചോദ്യം ചെയ്യുകയാണ് ദേശാഭിമാനി ഓണ്‍ലൈനില്‍ 22.12.2015 ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച കേരളപ്രവാസി സംഘം സംസ്ഥാന നേതാവ് കൂടിയായ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ എഴുതിയ ലേഖനം. ഒപ്പം പ്രവാസി ക്ഷേമത്തിനായുള്ള ചില നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെക്കുന്നു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ 25 ശതമാനമാണ് താഴെ, പൂര്‍ണലേഖനം ദേശാഭിമാനിയില്‍ വായിക്കുക ….


“നിതാഖത്” മൂലം സൌദിഅറേബ്യയില്‍നിന്ന് തിരിച്ചെത്തിയത് 22,634 പേരാണ്. കേരളത്തിലെ മൂന്ന് വിമാനത്താവളത്തിലായി ഇവരുടെ പേരുകള്‍ നോര്‍ക്ക രജിസ്റ്റര്‍ചെയ്തു. NDPREM പദ്ധതിപ്രകാരം ഇവരില്‍ എത്ര പേര്‍ക്ക് സഹായം നല്‍കി എന്ന ചോദ്യത്തിന് മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ (നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പര്‍ 3276) പറയുന്നത് 2841   പേരുടെ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കി എന്നാണ്.

ഇവരില്‍ എത്ര പേര്‍ക്ക് ആനുകൂല്യം ലഭിച്ചു എന്ന ചോദ്യത്തിന് നടപടിക്രമങ്ങള്‍ 2015 ഡിസംബര്‍ 10 മുതല്‍ ആരംഭിച്ചു എന്ന അവ്യക്തമായ മറുപടിയാണ് നല്‍കിയത്. പുനരധിവാസപദ്ധതി പരാജയപ്പെട്ടതിന് മുഖ്യമന്ത്രി ബാങ്കുകളെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇത്തരുണത്തില്‍ സ്മരണീയമാണ്.

പ്രവാസികള്‍ക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല അനുകൂലമായ നടപടികളാണ്. ഡിസംബര്‍ 17ന് നിയമസഭ പാസാക്കിയ പ്രവാസി കമീഷന്‍ പ്രവാസികളുടെ ജീവിതത്തില്‍ ഗുണപരമായ എന്തെങ്കിലും മാറ്റംവരുത്തുമെന്ന് കരുതാനാകില്ല.

പ്രവാസികളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയേണ്ടതുണ്ട്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇഷ്ടംപോലെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ വ്യോമയാനമന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരും അതേ നയം തുടരുന്നു. വിദേശരാജ്യങ്ങളിലെ എംബസികള്‍ പ്രവാസികളോട് സ്വീകരിക്കുന്ന സമീപനത്തിലും മാറ്റമില്ല. സമഗ്രമായ കുടിയേറ്റനിയമം ഉണ്ടാകണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് സന്ദര്‍ശനവേളയില്‍ പ്രവാസികളെ വാനോളം പുകഴ്ത്തിയെങ്കിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം നിര്‍ദേശിച്ചിട്ടില്ല.

കടപ്പാട്: ദേശാഭിമാനി

We use cookies to give you the best possible experience. Learn more