| Wednesday, 28th September 2022, 7:00 pm

ഇന്ന് നിങ്ങള്‍ പാഡ് ചോദിച്ചു, ഇനി ചോദിക്കുന്നത് കോണ്ടമായിരിക്കും; സൗജന്യ സാനിറ്ററി പാഡ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളോട് വനിത മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടതിനെതിരെ പ്രതികരണവുമായി ബീഹാര്‍ വനിത വികസന കോര്‍പ്പറേഷന്‍ മേധാവി ഹര്‍ജോത് കൗര്‍. ഇന്ന് നിങ്ങള്‍ സാനിറ്ററി പാഡുകള്‍ ആവശ്യപ്പെട്ടു നാളെ നിങ്ങള്‍ കോണ്ടം ചോദിക്കുമെന്നായിരുന്നു ഇവരുടെ പ്രതികരണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് വനിത മേധാവിക്കെതിരെ ഉയരുന്നത്.

സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥിനി കൗറിനോട് ആവശ്യപ്പെടുന്നത് കാണാം. എന്നാല്‍ വളരെ രോഷത്തോടെയാണ് ചോദ്യത്തോട് കൗര്‍ പ്രതികരിച്ചത്. നിങ്ങളുടെ ആവശ്യങ്ങള്‍ ഒരുകാലത്തും അവസാനിക്കില്ലെന്നും പാഡിന് പകരം നാളെ നിങ്ങള്‍ കോണ്ടം വരെ ചോദിക്കുമെന്നുമാണ് കൗര്‍ വിദ്യാര്‍ത്ഥിനിക്ക് നല്‍കിയ പ്രതികരണം.

‘നിങ്ങളുടെ ആവശ്യങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. നാളെ നിങ്ങള്‍ സര്‍ക്കാരിനോട് പറയും ജീന്‍സ് വേണമെന്ന്, നല്ല ഭംഗിയുള്ള ഷൂ വേണമെന്ന്. അവസാനം കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോള്‍ നിങ്ങള്‍ പാഡല്ല, സര്‍ക്കാരിനോട് സൗജന്യമായി കോണ്ടം വരെ ചോദിക്കും,’ കൗര്‍ പറയുന്നു.

സര്‍ക്കാരിനോട് എല്ലാം ആവശ്യപ്പെടുന്നത് ശരിയല്ലെന്നും കൗര്‍ പറയുന്നുണ്ട്.

എന്നാല്‍ വോട്ടിന്റെ സമയത്ത് സര്‍ക്കാര്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പറ്റില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്നായിരുന്നു ഇവരുടെ പ്രതികരണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Content Highlight: Today you ask for sanitary pads, tomorrow you will ask for condoms says bihar women development chief to students

We use cookies to give you the best possible experience. Learn more