മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മുകേഷ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മുന്നൂറോളം സിനിമകളിലാണ് താരം അഭിനയിച്ചത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ ചിത്രം മുകേഷിന്റെ ഗോഡ്ഫാദറാണ്. ഭാവിയിൽ ഇനി നൂറ് ദിവസം സിനിമ ഓടാനുള്ള ചാൻസ് എത്രത്തോളമാണെന്ന ചോദ്യത്തിന് ഇനി അങ്ങനെ ഓടില്ല എന്നായിരുന്നു മുകേഷിന്റെ മറുപടി.
ഇനി നൂറ് ദിവസമൊന്നും സിനിമ ഓടില്ലെന്നും ഇപ്പോൾ ഒ.ടി.ടിയിൽ പടം വന്നുകഴിഞ്ഞാൽ പിന്നെ ആരും തിയേറ്ററിൽ പോവില്ലെന്ന് മുകേഷ് പറഞ്ഞു. ഗോഡ് ഫാദർ 415 ദിവസം പിന്നിട്ടതിനെ മറികടക്കാൻ ഇനി വേറൊരു സിനിമക്കും കഴിയില്ലെന്നും മലയാള സിനിമ ഉള്ളടത്തോളം കാലം ആ റെക്കോഡ് അവിടെ നിലനിൽക്കുമെന്നും മുകേഷ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇനി ഓടത്തില്ല, ഒരുപാട് സെന്റേഴ്സ് കൂടി. ഒ.ടി.ടി വന്നു. ഒ.ടി.ടിയിൽ സിനിമ വന്നു കഴിഞ്ഞാൽ പിന്നെ ആരും തിയേറ്ററിൽ പോവുകയില്ല. ഗോഡ് ഫാദർ, ഗോഡ് ഫാദർ തന്നെയാണ്. അതിന്റെ റെക്കോർഡ് മലയാളം സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. ഗോഡ് ഫാദർ 415 ദിവസം എന്നുള്ളത് നിലനിൽക്കും, അത് ആർക്കും ചെയ്യാൻ പറ്റത്തില്ല.
ഇപ്പോൾ നൂറുദിവസം ഓടുന്നില്ല, കഷ്ടിച്ച് 50 ദിവസമേ ഓടുന്നുള്ളു. 100 കോടി ക്ലബ്ബിൽ 150 കോടി ക്ലബ്ബിൽ എന്നൊക്കെ വെറുതെ പറയുകയാണ്. ഇൻകം ടാക്സ് വരുമ്പോൾ അറിയാം. ‘സാറേ ശത്രുക്കൾ ഇട്ടതാണ്’ എന്ന് പറയും. അത്രയേ ഉള്ളൂ. വലിയ വിജയങ്ങളോക്കെയുണ്ട്. നൂറു കോടി സിനിമ അല്ലെ, ഒന്ന് കണ്ടുകളയാം എന്ന മനോഭാവമുള്ള ആളുകളുണ്ട്. അവരെ ആകർഷിക്കാൻ വേണ്ടി പലതും ചെയ്യും. അത് സിനിമയുടെ ഓരോ ഗിമ്മിക്‌സുകളാണ്,’ മുകേഷ് പറഞ്ഞു.
Content Highlight: Today’s film industry’s situation