| Monday, 19th February 2024, 5:18 pm

ഇന്നാണെങ്കിൽ കുചേലനിൽ നിന്ന് അവിൽ വാങ്ങിയ കൃഷ്ണൻ അഴിമതിക്കാരനായേനെ; സുപ്രീം കോടതിക്കെതിരെ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: കുചേലൻ കൃഷ്ണന് അവിൽ നൽകിയത് ഇന്നായിരുന്നുവെങ്കിൽ കൃഷ്ണൻ ഇന്ന് അഴിമതിക്കാരനായേനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇലക്ടറൽ ബോണ്ട്‌ വിധിയിൽ സുപ്രീം കോടതിക്കെതിരെ വിമർശനം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

ഉത്തർപ്രദേശിൽ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ നിന്ന് പുറത്തായ ആചാര്യ പ്രമോദ് കൃഷ്ണവുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് ഒന്നും തരാൻ പറ്റിയില്ല എന്ന് അദ്ദേഹം പറഞ്ഞെന്നും ഇന്നത്തെ കാലത്ത് ഒന്നും തരാത്തതാണ് നല്ലതെന്നും അല്ലെങ്കിൽ അഴിമതിക്കാരനാക്കി മാറ്റുമെന്നും മോദി പറഞ്ഞു.

‘അദ്ദേഹം (ആചാര്യ പ്രമോദ് കൃഷ്ണം) പറഞ്ഞു എല്ലാവർക്കും എന്തെങ്കിലും കൊടുക്കാനുണ്ട്, തനിക്ക് ഒന്നുമില്ല എന്ന്. അദ്ദേഹത്തിന് വികാരങ്ങൾ പ്രകടിപ്പിക്കാൻ മാത്രമേ സാധിക്കൂ എന്നും.

പ്രമോദ് ജി, താങ്കൾ എനിക്ക് ഒന്നും തരാത്തത് നന്നായി. കാരണം ഇപ്പോൾ കാലം മാറി. ഇന്നത്തെ കാലത്ത് കുചേലൻ ശ്രീകൃഷ്ണന് കുറച്ച് അവിൽ നൽകിയാൽ അതിന്റെ വീഡിയോ പുറത്ത് വന്നാൽ, സുപ്രീം കോടതിയിൽ ഒരു പൊതുതാത്പര്യ ഹരജി നൽകും.

ഭഗവാൻ കൃഷ്ണന് അഴിമതിയുടെ ഭാഗമായി എന്തോ നൽകിയെന്നും കൃഷ്ണൻ അഴിമതിക്കാരനാണെന്നും വിധി വരികയും ചെയ്യും. താങ്കൾ വികാരങ്ങൾ പ്രകടിപ്പിക്കുകയും ഒന്നും നൽകാതിരിക്കുകയും ചെയ്യുന്നതാണ് നല്ലത്,’ നരേന്ദ്ര മോദി പറഞ്ഞു.

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ബി.ജെ.പി സർക്കാരിനേറ്റ കനത്ത പ്രഹരമായിട്ടാണ് വിധി വിലയിരുത്തപ്പെട്ടത്.

പാർട്ടികൾക്ക് കിട്ടുന്ന പണത്തെക്കുറിച്ച് അറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്നും വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എല്ലാ സംഭാവനകളെയും ഒരുപോലെ കാണാൻ കഴിയില്ലെന്നും കൂടുതൽ സംഭാവന നൽകുന്ന ആളുകൾക്ക് പാർട്ടികളെയും മറ്റും സ്വാധീനിക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Content Highlight: Today If Sudama Gave Rice To Krishna SC Would Dub It Corruption’: PM Modi’s Dig At Top Court

We use cookies to give you the best possible experience. Learn more