ഒന്നര വർഷത്തിനിടയിൽ താൻ ആദ്യമായി ഇന്ന് പുഞ്ചിരിച്ചു എന്ന് പറയുകയാണ് ബിൽകീസ് ബാനു. 2002 ഗുജറാത്ത് കലാപത്തിൽ കുടുംബാംഗങ്ങളെ മുഴുവൻ കൊലപ്പെടുത്തി അഞ്ചുമാസം ഗർഭിണിയായ മിൽക്കി ബാനുവിനെ കൂട്ട ബലാൽസംഗം ചെയ്ത 11 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കി.
സുപ്രീം കോടതിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭിഭാഷകക്കും തനിക്ക് പിന്തുണ അറിയിച്ച ആയിരക്കണക്കിന് ഇന്ത്യക്കാർക്കും തന്റെ അഭിഭാഷക ശോഭ ഗുപ്ത വഴി തുറന്ന കത്തിലൂടെ നന്ദി അറിയിക്കുകയാണ് ബിൽകീസ് ബാനു.
എന്നെ സംബന്ധിച്ച് ഇന്നാണ് യഥാർത്ഥത്തിൽ പുതുവത്സരം. ആശ്വാസം തോന്നിയപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഒന്നര വർഷത്തിനിടയിൽ ഞാൻ ആദ്യമായി ചിരിച്ചു. ഞാൻ എന്റെ കുട്ടികളെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിൽ നിന്ന് പർവതം പോലൊരു കല്ല് എടുത്ത് മാറ്റിയ പോലെയാണ് എനിക്ക് തോന്നുന്നത്. എനിക്കിനി വീണ്ടും ശ്വാസം വിടാം.
ഇങ്ങനെയാണ് നീതി അനുഭവപ്പെടുക. എല്ലാവർക്കും തുല്യ നീതി എന്ന വാഗ്ദാനം നിറവേറ്റിയതിന്, എനിക്കും എന്റെ കുട്ടികൾക്കും രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും പ്രതീക്ഷ നൽകിയതിന് ഞാൻ പരമോന്നത സുപ്രീം കോടതിക്ക് നന്ദി പറയുന്നു.
ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ് ഇപ്പോൾ വീണ്ടും പറയുന്നു. എന്റെ യാത്ര ഒരിക്കലും ഒറ്റയ്ക്ക് നടത്താൻ കഴിയുന്നതായിരുന്നില്ല. എന്റെ ഭർത്താവും കുട്ടികളും എനിക്കൊപ്പം നിന്നു. അത്രയും വിദ്വേഷങ്ങൾക്കിടയിൽ എന്നെ സ്നേഹിച്ച സുഹൃത്തുക്കളുണ്ടായിരുന്നു എനിക്ക്. പ്രയാസമേറിയ ഓരോ ഘട്ടത്തിലും അവരെന്റെ കൈ മുറുകെ പിടിച്ചു.
എനിക്ക് വളരെ പ്രഗത്ഭയായ അഭിഭാഷകയുണ്ടായിരുന്നു, അഡ്വ. ശോഭ ഗുപ്ത. കഴിഞ്ഞ 20 വർഷമായി അവർ എനിക്കൊപ്പം നടന്നു. നീതിയിൽ ഒരിക്കൽ പോലും പ്രതീക്ഷ നഷ്ടപ്പെടാൻ അവരെന്നെ അനുവദിച്ചില്ല.
ഒന്നരവർഷം മുമ്പ്, 2022 ഓഗസ്റ്റ് 15ന്, എന്റെ കുടുംബത്തെ ഇല്ലാതാക്കിയ, എന്റെ നിലനിൽപ്പിനെ തന്നെ ഭീതിജനകമാക്കിയ ആളുകൾ നേരത്തെ മോചിപ്പിക്കപ്പെട്ടു. ഞാൻ അപ്പോൾ തകർന്നുപോയി.
എന്റെ ധൈര്യം മുഴുവൻ ചോർന്ന് പോയതായി എനിക്ക് തോന്നി. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ എനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യരും സ്ത്രീകളും മുമ്പോട്ട് വന്നു. അവർ എനിക്കൊപ്പം നിന്നു, എനിക്ക് വേണ്ടി സംസാരിച്ചു, സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹരജികൾ ഫയൽ ചെയ്തു.
രാജ്യത്തുടനീളമുള്ള 6,000 ആളുകളും മുംബൈയിൽ നിന്നുള്ള 8,500 ആളുകളും അപ്പീൽ നൽകി.
കർണാടകയിലെ 29 ജില്ലകളിൽ നിന്നുള്ള 40000 ആളുകൾ തുറന്ന കത്തെഴുതി.
ഇവർ ഓരോരുത്തരോടും, നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും കരുത്തിനും ഞാൻ നന്ദി പറയുന്നു.
നിങ്ങളാണ് എനിക്ക് പൊരുതുവാനുള്ള ശക്തി തന്നത്. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി നീതിയെ സംരക്ഷിക്കുവാനുള്ള കരുത്ത് തന്നത്.
ഞാൻ നിങ്ങളോട് നന്ദി പറയുന്നു.