| Friday, 7th April 2023, 12:11 pm

'പ്രഗത്ഭനായ താരം, കളത്തില്‍ അദ്ദേഹത്തെ തടയുക അസാധ്യമാണ്'; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ ബെല്‍ജിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയാണോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്ബോള്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറില്‍ മത്സരിച്ചാണ് റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.

കഴിവിന്റെ കാര്യത്തില്‍ ഇരുവരെയും താരതമ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതിനാല്‍ ടൈറ്റില്‍, ബാലണ്‍ ഡി ഓര്‍, എന്നിവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്.

മെസിയോ റോണോയോ മികച്ച താരമെന്ന ചോദ്യത്തിന് ബെല്‍ജിയന്‍ താരം ടോബി ആല്‍ഡെര്‍വെയ്റെല്‍ഡ് മറുപടി നല്‍കിയിരുന്നു. ഇരു താരങ്ങള്‍ക്കെതിരെയും കളത്തില്‍ ഏറ്റുമുട്ടിയ താരമാണ് ടോബി.

കരിയറില്‍ അടുത്തറിഞ്ഞ കളിക്കാരില്‍ മികച്ചതാരെന്ന ചോദ്യത്തിന് മെസി എന്നാണ് താരം മറുപടി നല്‍കിയത്. 2018ലെ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാം ബാഴ്സലോണയുമായി ഏറ്റുമുട്ടിയ മത്സരം അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എല്ലായ്‌പ്പോഴും ഫീല്‍ഡില്‍ കളിക്കാരെ നിരീക്ഷിക്കാറുണ്ട്, പലപ്പോഴും അവരെ പഠിക്കാനും ശ്രമിക്കാറുണ്ട്. വെംബ്ളെയിലെ ആ രാത്രി ഞങ്ങള്‍ക്ക് 4-2ന് മത്സരം നഷ്ടപ്പെട്ടപ്പോള്‍ അസാധ്യ പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. മെസി അസാധ്യ കളിക്കാരനാണ്. നിങ്ങള്‍ക്കവനെ പിടിക്കാന്‍ കഴിയില്ല. അദ്ദേഹം ചെയ്യുന്നതെല്ലാം വളരെ വേഗത്തിലായിരിക്കും. എനിക്ക് അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്നായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്,” ടോബി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചത് ലയണല്‍ മെസിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോണോയുടെ കൂടെ പല തവണ കളിച്ചിട്ടുണ്ടെന്നും മെസിയൊരു പ്രതിഭയാണെന്നും ടോബി പറഞ്ഞു.

‘റൊണാള്‍ഡോയുമായും ഫീല്‍ഡില്‍ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്, അദ്ദേഹം മികച്ച കളിക്കാരനുമാണ്. പക്ഷേ മെസിയുടെ കഴിവിനെ വെല്ലാന്‍ ആര്‍ക്കുമാകില്ല. അദ്ദേഹം ആര്‍ക്കും പിടി കൊടുക്കാത്ത കളിക്കാരനാണ്,’ ടോബി വ്യക്തമാക്കി.

ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോയാണോ മികച്ചതെന്ന്. ഖത്തറില്‍ ലയണല്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയെങ്കിലും ആരാധകര്‍ക്കിടയിലെ തര്‍ക്കത്തിന് അറുതി വീണിരുന്നില്ല.

എന്നാല്‍ കണക്കുകള്‍ പ്രകാരം ക്ലബ്ബ് ഫുട്‌ബോളില്‍ 518 മത്സരങ്ങളില്‍ നിന്ന് 352 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 11 ടൈറ്റിലുകളും ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം നേടിക്കൊടുത്തു.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്.

183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Toby Alderweireld picks his favorite from Cristiano Ronaldo and Lionel Messi duo

Latest Stories

We use cookies to give you the best possible experience. Learn more