| Monday, 5th July 2021, 5:43 pm

പുകയിലയും ആരോഗ്യവും

ഡോ. അജ്മല്‍ ഷെരീഫ്

കാന്‍സര്‍ എന്നത് ഗുരുതരമായ ഒരു അവസ്ഥയാണ്, അതിന്റെ വേരുകള്‍ പുകയിലയുടെ ഉപയോഗവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഇത് രോഗിയെ മാത്രമല്ല, അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സാമ്പത്തിക ശേഷിയെയും, മറ്റ് ജീവിത മേഖലകളെയും ബാധിക്കുന്നു.

ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം, 50 ശതമാനത്തിലധികം അര്‍ബുദങ്ങളും നേരിട്ടുള്ള പുകയില ഉപഭോഗത്തില്‍ നിന്നോ അല്ലെങ്കില്‍ അവയുടെ പാര്‍ശ്വഫലങ്ങളില്‍ നിന്നുമുള്ളതാണ്.

ദുഃശ്ശീലങ്ങളായ പുകയില ചവയ്ക്കലും, പുകവലിയും വായ, അന്നനാളം, ശ്വാസനാളം, ശ്വാസകോശം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന് കാരണമാകുന്നു. വായിലെ കാന്‍സറിന്റെ 90 ശതമാനം കാരണവും പുകയില ഉപഭോഗമാണ്.

അതുകൊണ്ടു തന്നെ വായിലുണ്ടാകുന്ന കാന്‍സറുകളുടെ കണക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം കാന്‍സര്‍ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകള്‍ പ്രകാരം, പ്രതിവര്‍ഷം ഏഴ് ദശലക്ഷം ആളുകള്‍ പുകയിലജന്യ രോഗംമൂലം മരണപ്പെടുന്നു.

നേരിട്ടുള്ള പുകയിലയുടെ ഉപയോഗം 6 ദശലക്ഷത്തോളം ആളുകളുടെ ജീവന്‍ അപഹരിക്കുന്നു. 8.9 ലക്ഷം മരണങ്ങള്‍ നിഷ്‌ക്രിയ പുകവലിയുടെ ഫലമാണ്.

ഇരുപതാം നൂറ്റാണ്ട് പുകയില മൂലമുള്ള 100 ദശലക്ഷം അകാല മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 21-ാം നൂറ്റാണ്ടോടെ ഈ കണക്ക് ഒരു 1000 ദശലക്ഷം ആയി വര്‍ദ്ധിക്കും.

സാംക്രമികേതര രോഗങ്ങളില്‍ (കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ പോലുള്ളവ) നാലാമത്തെ പ്രധാന കാരണം പുകവലിയാണ്, ഇത് മരണകാരണങ്ങളില്‍ 53 ശതമാനത്തോളം വരും.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ, പുകയില ഉപഭോഗം ദഹനപ്രക്രിയ, കാഴ്ച, അസ്ഥി, പ്രജനന സംബന്ധമായ പ്രക്രിയകള്‍, ദന്താരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കുന്നു.

സ്ത്രീകളില്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഗര്‍ഭധാരണ സങ്കീര്‍ണ്ണതകള്‍, പൂര്‍ണ്ണവളര്‍ച്ചയെത്താതെയുള്ള പ്രസവം, ഭാരക്കുറവുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുക, ചാപിള്ള മുതലായവയ്ക്കും പുകയില ഉപഭോഗം കാരണമാവുന്നു

കുട്ടികളിലെ നിഷ്‌ക്രിയ ധൂമപാനം (പുകവലിക്കാര്‍ പുറത്തുവിടുന്ന പുക ശ്വസിക്കല്‍) ചെവി, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, പെട്ടെന്നുള്ള മരണം, കടുത്ത ആസ്തമ എന്നിവയിലേയ്ക്ക് നയിക്കുന്നു. പുകയിലയുമായി ബന്ധപ്പെട്ട നാലിലൊന്ന് മരണങ്ങളില്‍ നിഷ്‌ക്രിയ ധൂമപാനത്തിന് വിധേയരായ കുട്ടികള്‍ ഇരയാവുന്നു.

കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തില്‍, വളരെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് വഴുതി വീഴാന്‍ പുകവലി വഴി വെയ്ക്കന്നു.

കൂടാതെ പുകയില ചവയ്ക്കുന്നവര്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന പ്രവണത ഉള്ളവരാണ്, അതിനാല്‍ ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ച് കൊവിഡ് 19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടരുന്നതിന് ഇത് ആക്കം കൂട്ടുന്നു.

ആരോഗ്യം മെച്ചപ്പെടുത്താന്‍ ആളുകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് പുകവലി ഉപേക്ഷിക്കുന്നത്. അവരുടെ പ്രായം അല്ലെങ്കില്‍ എത്ര കാലമായി അവര്‍ പുകവലിക്കുന്നു എന്നത് പരിഗണിക്കാതെ ചെയ്യേണ്ടതാണിത്.

ഈ വര്‍ഷം ലോകപുകയില വിരുദ്ധ ദിനം മുന്നോട്ടു വെക്കുന്ന ആശയം ഇതാണ്: ‘വിജയിയാകാന്‍ പുകയില ഉപേക്ഷിക്കുക”. പുകയില ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് നിരവധി പ്രചാരണ സാമഗ്രികള്‍ ഉണ്ട്.

നിങ്ങള്‍ക്ക് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റുചെയ്യാം, # കമ്മിറ്റ് ടു ക്വിറ്റ് എന്ന ഹാഷ് ഉപയോഗിച്ച് നമ്മുടെ അയല്‍ക്കൂട്ടങ്ങളിലും കമ്മ്യൂണിറ്റികളിലും പുകയില ഉപഭോഗം നിര്‍ത്താന്‍ എന്തൊക്കെ കഴിയും എന്നതിനെക്കുറിച്ച് ചിത്രങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നത് പുകയില ഉപഭോഗം ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കുന്നു.

പുകവലി ഉപേക്ഷിന്നതു കൊണ്ടുള്ള ഗുണങ്ങള്‍

– മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു.

– അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുകയും ആയുര്‍ദൈര്‍ഘ്യത്തില്‍ 10 വര്‍ഷം വരെ ചേര്‍ക്കുകയും ചെയ്യുന്നു

– ദുര്‍ബ്ബലമായ പ്രത്യുല്‍പാദന ശേഷി , ഹൃദയ രോഗങ്ങള്‍, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), കാന്‍സര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രതികൂല ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു.

– ഹൃദ്രോഗം, സിഒപിഡി തുടങ്ങിയ അസുഖങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുള്ള ആളുകള്‍ക്ക് ആരോഗ്യപരമായി പ്രയോജനം ചെയ്യുന്നു

– ഗര്‍ഭിണികളുടെയും, ഗര്‍ഭസ്ഥ ഭ്രൂണങ്ങളുടെയും, കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

– ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, സമൂഹം എന്നിവയില്‍ പുകവലി വരുത്തിവെയ്ക്കുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നു.

പുകവലി നേരത്തെ ഉപേക്ഷിക്കുന്നത് ആരോഗ്യപരമായി കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വര്‍ഷങ്ങളായി പുകവലിച്ചവര്‍ക്കും അമിതമായി പുകവലിച്ചവര്‍ക്കും പോലും ഉപേക്ഷിക്കുന്നതിന്റെ ഗുണം ലഭിക്കും.

നിഷ്‌ക്രിയ പുകവലിയിലൂടെ, പുക ശ്വസിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പുകവലി ഉപേക്ഷിക്കുന്നത്.

ഈ പുകയില വിരുദ്ധ ദിനത്തില്‍ , ഓരോ ദിവസവും പുകയിലയില്ലാത്ത ദിവസമാക്കി മാറ്റാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം, ഈ വിനാശകരമായ ശീലം ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കാനും ആരോഗ്യത്തിനും സമൂഹത്തിനും ജീവനും ഹാനികരമായ ഈ വിപത്തിനെ ഇല്ലാതാക്കാന്‍ പ്രയത്‌നിക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡോ. അജ്മല്‍ ഷെരീഫ്

കാന്‍സര്‍ വിദഗ്ധനും കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റുമാണ്

We use cookies to give you the best possible experience. Learn more