ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് തുറന്ന് കത്തെഴുതി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.
തമിഴ്‌നാട്ടിലെ എല്ലാ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ ദിവസേന നിരവധി സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു എന്ന് പറഞ്ഞാണ് വിജയ് തന്റെ കത്ത് ആരംഭിക്കുന്നത്. നമ്മുടെ സുരക്ഷയെപ്പറ്റി ആരോടാണ് പരാതിപ്പെടേണ്ടതെന്ന് വിജയ് കത്തില്‍ ചോദിച്ചു.
നമ്മള്‍ക്ക് സുരക്ഷ ഒരുക്കേണ്ടിയിരുന്ന സര്‍ക്കാരിനോട് ഇതേപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നും കാരണം നമ്മള്‍ എത്ര തവണ ആവശ്യപ്പെട്ടാലും അതില്‍ കാര്യമില്ലെന്നും വിജയ് ചൂണ്ടിക്കാട്ടി. ഒരു സഹോദരന്‍ എന്ന നിലയില്‍ തനിക്ക് തന്റെ സഹോദരിമാരെയോര്‍ത്ത് അതിയായ ദുഃഖം തോന്നാറുണ്ടെന്നും വിജയ് പറയുന്നു.
എന്ത് സാഹചര്യം വന്നാലും ഒരു സഹോദരനായി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഒന്നിനെക്കുറിച്ചും വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏവര്‍ക്കും സുരക്ഷിതമായ തമിഴ്‌നാട് സൃഷ്ടിക്കുമെന്നും അക്കാര്യം ഉടന്‍ ഉറപ്പാക്കുമെന്നും വിജയ്‌യുടെ കത്തില്‍ പറയുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ ചാട്ടയടി പ്രയോഗത്തിന് പിന്നാലെയാണ് തമിഴ്നാട്ടിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്‍ വിജയ്‌യുടെ കത്ത് പുറത്ത് വരുന്നത്.
അതേസമയം ഈ വിഷയത്തില്‍ ഇന്ന് ഗവര്‍ണറെ കാണാനും വിജയ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശത്തിനിടെ സംസ്ഥാനത്തെ ക്രമസമാധന നിലയെക്കുറിച്ചും ഗവര്‍ണര്‍ ആര്‍.എന്‍ രവിയുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞാഴ്ച്ചയാണ് ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ലാബിന് സമീപത്തുവെച്ച് ബലാത്സംഗത്തിനിരയായത്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അതിക്രമം നടന്നത്.
സുഹൃത്തിനെ അജ്ഞാതരായ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Content Highlight: To whom should we complain about the safety of our sisters; Vijay opens letter to Tamilnadu girls