ഇന്ത്യയെ കൂവിയാല്‍ സഞ്ജു ലോകകപ്പ് കളിക്കുമോ? ആരാധകരേ ഇത്തിരി ബോധം കാണിക്കൂ | D Sports
ആദര്‍ശ് എം.കെ.

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യക്ക് മേല്‍ അപ്പര്‍ ഹാന്‍ഡുള്ള സൗത്ത് ആഫ്രിക്കയെ ടി-20 ലോകകപ്പിന് മുമ്പ് തന്നെ തോല്‍പിച്ച് മൊമെന്റം നേടാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഐ.പി.എല്ലിന് ശേഷം ഇന്ത്യയില്‍ നടന്ന ടി-20 പരമ്പരയില്‍ വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ലായിരുന്നു. കഷ്ടിച്ച് സമനില പിടിച്ചെടുത്തായിരുന്നു ഇന്ത്യ മുഖം രക്ഷിച്ചത്. ഇതിന് മറുപടി പറയാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രൗണ്ടില്‍ വെച്ചാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. സാധാരണ കേരളത്തില്‍ വെച്ച് ഒരു മത്സരം നടക്കുന്ന സാഹചര്യത്തില്‍ മലയാളികള്‍ അതെന്നും ആഘോഷമാക്കാറുള്ളതാണ്.

എന്നാല്‍, ഇത്തവണ ഇന്ത്യന്‍ ടീമിനെ മാനസികമായി തളര്‍ത്താനാണ് ഒരുപറ്റം ആരാധകരുടെ ശ്രമം. അതിന് കാരണം കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണും.

സഞ്ജു സാംസണെ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതിന് ഇന്ത്യന്‍ ടീമിനെ കൂവിത്തോല്‍പ്പിക്കാനാണ് ചില ആരാധകര്‍ ഒരുങ്ങുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ തന്നെ നടത്തുന്നുണ്ട്.

ഇവരെന്താണ് ധരിച്ചിരിക്കുന്നത്? ഇവിടെയിരുന്ന് വട്ടം കൂടിയിരുന്ന് കൂവിയാല്‍ സഞ്ജു ലോകകപ്പ് കളിക്കുമെന്നാണോ? നിങ്ങളുടെ കൂവല്‍ കേട്ട് സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണോ? നിങ്ങളിവിടെ ഇരുന്ന് കൂവിയാല്‍ ലോകകപ്പ് സ്‌ക്വാഡിന് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല.

നിങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ് ഈ പരിപാടി കാണിക്കുന്നതെങ്കില്‍, തുറന്നുപറയട്ടെ ഇത് മഹാ ബോറാണ്. പ്രതിഷേധത്തിന് മറ്റു വഴികള്‍ സ്വീകരിക്കുക. പര്യടനത്തിനെത്തുന്ന വിദേശ ടീമിന് മുമ്പില്‍ സ്വന്തം ടീമിനെ അപമാനിക്കാനാണ് ശ്രമമെങ്കില്‍ അത് സഞ്ജുവിനെ സഹായിക്കില്ല, മറിച്ച് എട്ടിന്റെ പണി മാത്രമേ കൊടുക്കുകയുള്ളൂ…

ഇത് ആദ്യമായല്ല മലയാളി ആരാധകര്‍ ഇത്തരത്തില്‍ നിലവിട്ട് പെരുമാറുന്നത്. ഇതിന് മുമ്പും കേരളത്തില്‍ വെച്ച് മത്സരം നടന്നപ്പോള്‍ ആരാധകര്‍ സഞ്ജുവിന് വേണ്ടിയായിരുന്നു ആര്‍പ്പുവിളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ സഞ്ജുവിനല്ല ഇന്ത്യക്ക് വേണ്ടി ചാന്റ് ചെയ്യാന്‍ വിരാട് കോഹ്‌ലി ആവശ്യപ്പെടുകയായിരുന്നു.

ഇത്തവണ സഞ്ജുവിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് സ്റ്റേഡിയത്തിലെത്താനാണ് ആരാധകരുടെ തീരുമാനം. എന്ത് മനോഹരമായ ആചാരമല്ലേ…

സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ പ്രതിഷേധം നടത്തുന്ന പലരും ബി.സി.സി.ഐ സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാക്കിയ വിവരം അറിഞ്ഞു കാണില്ല. ന്യൂസിലാന്‍ഡ് എ ടീമിനെതിരെ നടക്കുന്ന ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.

ചെന്നൈയില്‍ വെച്ചാണ് പരമ്പര നടക്കുന്നത്. ഇവിടെ ഇരുന്ന് കൂവാന്‍ പ്ലാനുള്ളവര്‍ ദയവ് ചെയ്ത് ചെന്നൈയില്‍ ചെന്ന് കളി കണ്ട് കയ്യടിക്കാനുള്ള ക്യാമ്പെയ്ന്‍ കൂടെ ഒന്നേറ്റെടുക്കണം

ഇതെല്ലാം പറഞ്ഞുകൊണ്ട് സഞ്ജുവിനെ ഉള്‍പ്പെടുത്താതിന്റെ പേരില്‍ ബി.സി.സി.ഐയെ ന്യായീകരിക്കുകയല്ല, ക്രിക്കറ്റ് ബോര്‍ഡിലെ പൊളിറ്റിക്‌സും ഹിഡന്‍ അജണ്ടയും എല്ലാവര്‍ക്കും അറിയുന്നതാണ്.

എന്ന് കരുതി പ്രതിഷേധിക്കേണ്ടത് സ്വന്തം ടീമിനെതിരെ കൂവിയിട്ടോ അവരെ അപമാനിച്ചിട്ടോ അല്ല. നിങ്ങളുടെ കൂവല്‍ കേട്ട് ഇന്ത്യന്‍ ടീം മാനസികമായി തളരുകയും മത്സരം തോല്‍ക്കുകയും ചെയ്താല്‍ ആര് സമാധാനം പറയും. ഇതു കാരണം സഞ്ജുവിന്റെ കരിയര്‍ തന്നെ ഇല്ലാതായാല്‍ ഇപ്പോള്‍ കൂവുന്നവര്‍ സഞ്ജുവിന് വേണ്ടി കൂവിക്കൊണ്ടിരിക്കുമോ…

പ്രതിഷേധിക്കാം… എന്നാല്‍ ഇതല്ല മാര്‍ഗം… ആരാധകരേ, ഷോ സം ക്ലാസ്

 

Content Highlight: To those who are yelling at the Indian team for not including Sanju Samson

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.