'രവിചന്ദ്ര' ബാധയേറ്റ ലെഫ്റ്റ്‌ ലിബറലുകൾ പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Opinion
'രവിചന്ദ്ര' ബാധയേറ്റ ലെഫ്റ്റ്‌ ലിബറലുകൾ പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
പി.ജെ ജെയിംസ്
Sunday, 5th January 2020, 9:35 pm
കപട ഇടതിന്റെയും കേരളത്തിലെ 'രവിചന്ദ്ര' ബാധയേറ്റ ലിബറല്‍, ലെഫ്റ്റ് 'ബുദ്ധിജീവിത'ത്വങ്ങളുടെയും പ്രകടമായ മുസ്ലിം-ദളിത് വിരുദ്ധതക്ക് അംബേദ്കറുടെ 'ബ്രാഹ്മിന്‍ ബോയ്‌സ്' എന്ന വ്യാഖ്യാനമാണ് ഉചിതം.

മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അപ്രാപ്യമാക്കുന്ന CAAക്കും അവര്‍ക്കു പൗരത്വം നിഷേധിക്കുന്ന എന്‍.ആര്‍.സിക്കുമെതിരെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ദിനത്തില്‍ എറണാകുളത്തു സംഘടിപ്പിച്ച മഹാറാലിയെ സി.പി.ഐ (എം.എല്‍ ) റെഡ് സ്റ്റാറും ജനാധിപത്യ സംഘടനകളും അഭിവാദ്യം ചെയ്തതിനെതിരെ ചില ഇടതു ലിബറലുകളും ഇടതു മേനി നടിക്കുന്ന ചിലരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രംഗത്തു വരികയുണ്ടായി.

മുസ്‌ലിം ജനതയുടെ അരക്ഷിതാവസ്ഥ മുതലാക്കാന്‍ ഇസ്ലാമിക മതരാഷ്ട്രവാദികള്‍ നടത്തുന്ന നീക്കങ്ങള്‍ തിരിച്ചറിയുന്നില്ല, റാലിയുടെ സ്ത്രീ വിരുദ്ധത കാണാതെ പോയി, മുസ്‌ലിം വര്‍ഗീയ വാദികളുമായി അവിഹിത ബാന്ധവം, തുടങ്ങിയവയാണ് വിമര്‍ശനങ്ങള്‍.

തീര്‍ച്ചയായും, വ്യക്തതക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്.

1. രണ്ടാം മോദി ഭരണം നിലവില്‍ വരികയും പൗരത്വ ഭേദഗതി ബില്‍ വീണ്ടും പരിഗണിച്ചു തുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍ സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ ‘നവ ഉദാരീകരണ കാലത്തെ ഫാസിസത്തോടുള്ള സമീപനം’ എന്ന പേപ്പര്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം ഇപ്രകാരം പറയുന്നു: ‘ … ഇന്ത്യയുടെ സമൂര്‍ത്ത സാഹചര്യങ്ങളെയും വര്‍ത്തമാന ലോക യാഥാര്‍ത്ഥ്യങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടു മാത്രമേ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റം കെട്ടിപ്പടുക്കാനാകൂ.

മതം അതില്‍ തന്നെ ഫാസിസ്റ്റ് ആണെന്ന വാദഗതി നമുക്ക് അംഗീകരിക്കാനാവില്ല. അതേസമയം, എല്ലായിടത്തും ഭൂരിപക്ഷ മതത്തെ ഫാസിസത്തിന്റെ പ്രത്യയ ശാസ്ത്ര അടിത്തറയാക്കുന്നതില്‍ ഫിനാന്‍സ് മൂലധനം വിജയിക്കുന്നതായും കാണാനാകും. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഫാസിസ്റ്റ് അടിച്ചമര്‍ത്തല്‍ ഇന്നൊരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍, എല്ലാ മതങ്ങളിലെയും തീവ്രവാദ-മത മൗലിക വാദ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുമ്പോള്‍ തന്നെ, മര്‍ദ്ദിത മതന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളുടെ കടമയാണ്.

ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍, പൗരത്വ ഭേദഗതി ബില്ലിലൂടെയും മറ്റും ഫാസിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് മുസ്‌ലിങ്ങളെയാണ് എന്ന കാര്യം ഗൗരവപൂര്‍വം കാണേണ്ടതുണ്ട്’ ( സഖാവ് മാസിക, 2019 നവംബര്‍ ലക്കം, പേജ് 14). മുസ്‌ലിം സംഘടനകളുടെ ഫാസിസ്റ്റ് വിരുദ്ധ റാലിയെ മറ്റു ജനാധിപത്യ ശക്തികള്‍ക്കൊപ്പം പാര്‍ട്ടി അഭിവാദ്യം ചെയ്തത് തത്വാധിഷ്ഠിതമാണ് എന്നു ഇതില്‍ നിന്നു വ്യക്തമാണല്ലോ.

2. എറണാകുളത്തെ മഹാറാലിയില്‍ ഉയര്‍ത്തിപ്പിടിച്ചത് മുസ്ലീങ്ങളുടെ മത ഗ്രന്ഥമായിരുന്നില്ല, മറിച്ച്, ഇന്ത്യയുടെ ഭരണഘടനയായിരുന്നു. മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കിക്കൊണ്ടുള്ള ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭരണഘടനാ അട്ടിമറിക്കെതിരായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ മുഴങ്ങിക്കേട്ടത്. രാഷ്ടീയ ഇസ്ലാമുമായി ബന്ധപ്പെട്ട ഒരു ഡിമാന്റും അതില്‍ ഉയര്‍ന്നിരുന്നില്ല.

ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത് സമയം പാഴാക്കാതെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിയാന്‍ സ്വാതന്ത്ര്യ സമര കാലത്ത് ആഹ്വാനം ചെയ്ത ആര്‍.എസ്.എസ്‌, അതിന്റെ തുടര്‍ച്ചയായി ഭരണഘടനാ രൂപീകരണ വേളയില്‍ ബ്രാഹ്മണ്യത്തിന്റെ അടിത്തറയായ മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നു ഭരണകൂടാധികാരം കൈപ്പിടിയിലായതോടെ, മുസ്‌ലിങ്ങള്‍ക്കു പൗരത്വം നിഷേധിച്ചും , ദളിതരെയും അവര്‍ണരെയുമെല്ലാം രണ്ടാം തരം പൗരന്മാരാക്കിയും മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് സി.എ.എ-എന്‍.ആര്‍.സി.

ഈ സാഹചര്യത്തില്‍, ഹിന്ദുത്വ ഫാസിസത്തിന്റെ ആദ്യ ഘട്ടത്തിലെ ഇരകളായ മുസ്‌ലിങ്ങള്‍ക്ക് മര്‍ദ്ദിതര്‍ എന്ന സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ ജീവന്മരണ പോരാട്ടത്തിനറങ്ങുക മാത്രമാണ് പോംവഴി. സമരം ചെയ്യുന്നവരെ ‘വസ്ത്രം നോക്കി തിരിച്ചറിയാമെന്ന്’ ഹിന്ദുത്വ ഫാസിസത്തിന്റെ പ്രഥമ കാര്യസ്ഥന്‍ തന്നെ പ്രസ്താവിക്കുമ്പോള്‍, മര്‍ദ്ദിതരായ മുസ്‌ലിം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്നത് ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ എല്ലാ ജനാധിപത്യ ശക്തികളുടെയും കടമയാണ്.

പൗരത്വ നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധം

3. ലിബറല്‍ ഇടതുപക്ഷത്തുനിന്ന് എറണാകുളം റാലിക്കെതിരെ ഒരുവേള ഉയര്‍ന്നുവന്ന ശക്തമായ വിമര്‍ശനം ‘പാട്രിയാര്‍ക്കി’ യെ സംബന്ധിച്ചാണ്. മാനവരാശിയുടെ പകുതി ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ സ്ത്രീ പക്ഷത്തു നിന്നുയര്‍ന്നു വരുന്ന വിമര്‍ശനം അതീവ പ്രസക്തമാണ്. പക്ഷേ ഇതു ഇസ്ലാമിനു മാത്രം ബാധകമല്ലെന്നും എല്ലാ മതങ്ങളുടെയും പൊതു സവിശേഷതയാണെന്നും കാണേണ്ടതുണ്ട്.

അതേ സമയം , ദേശരാഷ്ട്രം അനിവാര്യ യാഥാര്‍ത്ഥ്യമായിട്ടുള്ള വര്‍ത്തമാന കാലത്ത് സ്ത്രീകളുള്‍പ്പടെ മര്‍ദ്ദിതരുടെ അവകാശ പോരാട്ടങ്ങള്‍ നടത്തുന്നതിനു പോലും പൗരത്വം അനിവാര്യമായിരിക്കുന്നു. സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനവും മാനവരാശിക്കെതിരായ വംശഹത്യകള്‍ക്കും കൊടുംകുറ്റങ്ങള്‍ക്കുമെതിരായ സാര്‍വദേശീയ പ്രമേയങ്ങളും നിലവിലുണ്ടെങ്കിലും ദേശരാഷ്ട്രങ്ങളെ മറി കടന്നുകൊണ്ട് അവ എന്‍ഫോഴ്‌സ് ചെയ്യാവുന്ന ഒരു സംവിധാനവും രൂപം കൊണ്ടിട്ടില്ല. ആയതിനാല്‍, പൗരത്വമെന്നതു മാത്രമാണ് മറ്റ് അവകാശ പോരാട്ടങ്ങള്‍ക്കുള്ള അടിസ്ഥാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആ നിലയ്ക്ക്, ഭരണവര്‍ഗ്ഗങ്ങളിലെ ഏറ്റവും പ്രതിലോമകാരികളും ഭീകരവാദികളും ക്രിമിനലുകളുമായ ഫാസിസ്റ്റുകള്‍ക്കെതിരായ ജീവന്മരണ പോരാട്ടത്തിലെ മുന്‍ഗണനാ ക്രമങ്ങളെ അവഗണിക്കുന്നു എന്നതോടൊപ്പം, സ്ത്രീവിരുദ്ധത ഇസ്ലാമിനു മാത്രം ബാധകമാണെന്ന പ്രതീതി ഉളവാക്കുന്നതുമായ ലിബറല്‍ ഇടതുപക്ഷത്തു നിന്നുള്ള ഈ വിമര്‍ശനത്തില്‍ ഇസ്ലാമോഫോബിയയുടെ അനുരണനങ്ങള്‍ കാണാവുന്നതാണ്.

4. അതേസമയം, എറണാകുളത്ത് ‘പാട്രിയാര്‍ക്കി’ ക്കെതിരെ പ്രതികരിച്ച ഇടതു വാചകമടിക്കാര്‍ കൊണ്ടോട്ടിയില്‍ ആയിഷ റെന്നയെ വളഞ്ഞു വെച്ച് പാട്രിയാര്‍ക്കി പ്രയോഗിച്ചതും നമ്മള്‍ കാണുകയുണ്ടായി. എന്നാല്‍, ഇവിടെയും പ്രകടമാകുന്നത് അരാഷ്ട്രീയവല്‍ക്കരണത്തിനും രജിമെന്റേഷനും വന്‍തോതില്‍ വിധേയമായിക്കൊണ്ടിരിക്കുന്ന, കേരളത്തിലെ ‘ഫാസിസത്തിന്റെ മോഡറേറ്റ് വിങ്ങി’ല്‍ അന്തര്‍ലീനമായ ഇസ്ലാമോഫോബിയ തന്നെയാണ്.

ഇസ്ലാമോഫോബിയയെ അധിഷ്ഠിതമാക്കി, രണ്ടാം മോദി സര്‍ക്കാര്‍ എന്‍.ഐ.എയുമായി ഉദ്ഗ്രഥിച്ച് യു.എ.പി.എ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമെന്നും കിരാതമെന്നും വിശേഷിപ്പിച്ച പാര്‍ട്ടി ഭരിക്കുന്നിടത്ത് മുസ്‌ലിം നാമധാരികള്‍ കൂടിയായ സ്വന്തം യുവ കേഡര്‍മാര്‍ക്കെതിരെ ആസൂത്രിതമായി അതു ചുമത്തി ഹിന്ദുത്വ ഫാസിസ്റ്റു ഭരണകൂടത്തിനു ഏല്പിച്ചു കൈ കഴുകുന്നതും ഈ ദിശയില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെല്ലാം നീതീകരണം കണ്ടെത്തുന്ന കപട ഇടതിന്റെയും കേരളത്തിലെ ‘രവിചന്ദ്ര’ ബാധയേറ്റ ലിബറല്‍, ലെഫ്റ്റ് ‘ബുദ്ധിജീവിത’ത്വങ്ങളുടെയും പ്രകടമായ മുസ്‌ലിം-ദളിത് വിരുദ്ധതക്ക് അംബേദ്കറുടെ ‘ബ്രാഹ്മിന്‍ ബോയ്‌സ്’ എന്ന വ്യാഖ്യാനമാണ് ഉചിതം.

5. വാസ്തവത്തില്‍, ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ മുസ്ലീങ്ങള്‍ മതാതീതമായി മുന്നേറിയതാണ് ഡെല്‍ഹി ഇമാമിന്റെ സി.എ.എ -അനുകൂല തീട്ടൂരങ്ങളെ മറികടന്നു കൊണ്ട് ചന്ദ്രശേഖര്‍ ആസാദിനെ നേതൃത്വത്തില്‍ പ്രതിഷ്ഠിച്ചതിലൂടെ വ്യക്തമായത്. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ അടിത്തറ തകര്‍ക്കാന്‍ പോകുന്ന ദളിത്-മുസ്‌ലിം ഐക്യത്തിന്റെ സൂചനയായി ഇതിനെ കണ്ട് ഐക്യപ്പെടുന്നവര്‍ക്കേ ഇന്ത്യയിലെ ഫാസിസ്റ്റ് സമരത്തില്‍ പങ്കാളിത്തമുണ്ടാകൂ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍, മുസ്‌ലിം സ്ത്രീകളുടെ സമരങ്ങളിലെ അസാന്നിദ്ധ്യത്തില്‍ കുണ്ഠിതപ്പെടുന്നവര്‍, ‘കൗ ബെല്‍റ്റി’ല്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ നയിക്കുക മാത്രമല്ല, ആശയ വ്യക്തത നല്‍കുന്നതും മുസ്‌ലിം സ്ത്രീകളാണെന്നു കൂടി തിരിച്ചറിയുന്നതു നന്നാകും. യു.പിയിലെ ‘കുടുംബിനി’ കളായ മുസ്‌ലിം വനിതകള്‍ പറയുന്നത് സി.എ.എക്കാള്‍ ഭയാനകം എന്‍.ആര്‍.സി ആണെന്നു തങ്ങള്‍ തിരിച്ചറിയുന്നുവെന്നാണ് ( ‘ദി ഹിന്ദു’ വിന്റെ ഫുള്‍പേജ് പഠനം, ജനുവരി 4, 2020, പേജ് 10 കാണുക). ഇതു തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയാണ് ബംഗാളിലെ മമത സര്‍ക്കാര്‍ എന്‍.ആര്‍.സിക്കെതിരെ 2019 സെപ്റ്റംബറില്‍ തന്നെ പ്രമേയം പാസ്സാക്കിയതെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

അലിഗഡ് സര്‍വകലാശാലക്കു പുറത്ത് ചേരികളില്‍ താമസിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ മുന്‍കയ്യില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരായ സമരത്തില്‍ ‘ഹിന്ദു’ സ്ത്രീകളും തെരുവുകളില്‍ ഇറങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതുകൊണ്ട്, ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കേരളം ഇന്ത്യക്കു മാതൃകയാണെന്ന അവകാശവാദമൊക്കെ അട്ടത്തു വെക്കുന്നതാണ് ഭേദം.

6. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കുള്ളത്ര കഠിനമല്ലെങ്കിലും ഇസ്ലാമോഫോബിയയുടെ മൃദു പതിപ്പ് പേറുന്ന കേരളത്തിലെ മജോറിറ്റേറിയന്‍ ഇടതു ലിബറലുകളോട് പറയാനുള്ളത് ചരിത്രബോധമുണ്ടാകണമെന്നാണ്. ശീതയുദ്ധം അവസാനിക്കുകയും കമ്മ്യൂണിസം എന്ന ശത്രു പ്രത്യക്ഷത്തില്‍ ഇല്ലാതായി എന്നു ബോദ്ധ്യപ്പെടുകയും ചെയ്തതോടെയാണ് ‘ഇസ്ലാം ഭീകരത’ എന്ന പുതിയ ആഗോള ശത്രുവിനെ അമേരിക്ക പ്രതിഷ്ഠിക്കുന്നത്. അതായത്, ഇസ്ലാമോഫോബിയ സാമ്രാജ്യത്വത്തിന്റെ നവ ഉദാര നിര്‍മ്മിതിയാണെന്നു ചുരുക്കം.

ഇതിന്റെ ചുവടു പിടിച്ചാണ് കൊളോണിയല്‍ കാലത്തു ബ്രിടീഷുകാര്‍ക്കും നവ കൊളോണിയല്‍ ഘട്ടത്തില്‍ അമേരിക്കക്കും പാദസേവ ചെയ്തുപോന്ന ഹിന്ദുത്വവാദികള്‍ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ദ്ധിത വീര്യത്തോടെ ദേശവിരുദ്ധതയുടെ ചാപ്പകുത്തുന്നത്. തീര്‍ച്ചയായും, ബ്രിട്ടീഷുകാര്‍ക്കു ദാസ്യപ്പണി ചെയ്ത സവര്‍ക്കറെ നവഫാസിസ്റ്റ് ചരിത്ര രചന (യൂറോപ്പില്‍ മുസ്സോളിനിയെയും ഹിറ്റ്‌ലറെയും വെള്ള പൂശുന്നതിന് അവിടുത്തെ നവ ഫാസിസ്റ്റുകള്‍ ആരംഭിച്ചിട്ടുള്ള New History Writing നു സമാനം) യിലൂടെ ദേശസ്‌നേഹിയാക്കാന്‍ സംഘ പരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.

7. എന്നാല്‍ എന്തായിരുന്നു ചരിത്രം? ഏറ്റവും കുറഞ്ഞത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതലാരംഭിക്കുന്ന ഇടമുറിയാത്ത ധീര ദേശാഭിമാനത്തിന്റെ ഉജ്ജ്വലമായ ചരിത്രത്തിനുടമകളാണ് ഇന്ത്യന്‍ മുസ്‌ലിങ്ങള്‍. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ സൂത്രധാരകര്‍ മുസ്‌ലിങ്ങളാണെന്നു കണ്ടെത്തിയ (വിശദാംശങ്ങള്‍ക്ക് Hunter -ടെ Indian Mussalmans എന്ന ഗ്രന്ഥം) ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ തുടര്‍ന്നു വന്ന ദശകങ്ങളിലും നിരന്തര കൂട്ടക്കൊലകള്‍ക്കും കൊടിയ പീഢനങ്ങള്‍ക്കുമാണ് മുസ്‌ലിങ്ങളെ വിധേയമാക്കിയത്.

അതോടൊപ്പം, കൃത്രിമമായ ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ അഴിച്ചു വിട്ട് വെള്ളക്കാരന്റെ divide and rule policy യും ഫലപ്രദമായി നടപ്പാക്കി. എന്നാല്‍, ഈ സാമ്രാജ്യത്വ കെണിയില്‍ വീഴാതെ, 20ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ കൊളോണിയല്‍ മേധാവികളുടെ ഉറക്കം കെടുത്തുക മാത്രമല്ല, ഹിന്ദു -മുസ്‌ലിം ഐക്യത്തിലൂന്നുന്ന ദേശീയ പ്രസ്ഥാനത്തിനു ദിശാബോധം നല്‍കാനും ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കു കഴിഞ്ഞു. സ്ഥലപരിമിതിമൂലം വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

8. ഈ സന്ദര്‍ഭത്തില്‍, ഇസ്ലാം ഭീതിയിലൂന്നുന്ന സവര്‍ണ ലെഫ്ട് ലിബറലുകള്‍ പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. 1920 ഒക്ടോബര്‍ 17 ന് താഷ്‌ക്കന്റില്‍ വെച്ച് മൊഹമ്മദ് ഷെഫീക് സെക്രട്ടറിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന് പശ്ചാത്തലമൊരുക്കിയത് നാട്ടിലെ കൊളോണിയല്‍ അടിച്ചമര്‍ത്തലില്‍ നിന്നു പലായനം ചെയ്ത് വിദേശത്തു നിന്ന് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തിയ Indian Muhajirs ആയിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന് അനുകൂല തീരുമാനമെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സിനു പ്രേരകമായ മുഖ്യ ഘടകവും ഇതായിരുന്നു.

മോസ്‌കോയില്‍ സ്ഥാപിതമായ University of the Toilers of East ലെ 21 ‘വിദ്യാര്‍ത്ഥികള്‍’ മുസ്‌ലിം നാമധാരികളായിരുന്നു എന്ന് ഇടതുമേനി നടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാര്‍ കെട്ടിച്ചമച്ച പേഷവാര്‍ ഗൂഢാലോചന കേസിലെ മിക്കവാറും പ്രതികള്‍ മുസ്‌ലിങ്ങളായിരുന്നു. കാന്‍പൂര്‍ (1924), മീററ്റ് ഗൂഢാലോചന (1929) കേസ്സുകളിലും മുസ്‌ലിം പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവായിരുന്ന മുസഫര്‍ അഹമ്മദിന്റെ രചനകള്‍ വായിക്കുന്നത് ഉചിതമായിരിക്കും.

കൊളോണിയല്‍ കാലത്തുടനീളം ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കി പോന്നവരും അവരുടെ മാപ്പുസാക്ഷികളും മുസ്‌ലിങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കരുതെന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്രയും കുറിച്ചത്. ഇന്ത്യാ ഗേറ്റിലെ രക്തസാക്ഷികളുടെ ലിസ്റ്റിനെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ട്. എന്നാല്‍, അതില്‍ ഭൂരിപക്ഷവും മുസ്‌ലിം നാമധാരികളാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സിക്കുകാരും പിന്നാക്കവിഭാഗങ്ങളും ദളിതരുമടങ്ങുന്ന ആ ലിസ്റ്റില്‍ എത്ര സംഘികളുണ്ടെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പിന്‍മുറക്കാര്‍ രാജ്യം ഭരിക്കുകയും ദേശാഭിമാനികള്‍ ‘ദേശവിരുദ്ധരാ’ ക്കപ്പെടുകയും ചെയ്യുന്നതാണ് സത്യാനന്തര കാലം.

എറണാകുളത്ത് ഡിസംബര്‍ 23 ന് ഫാസിസത്തിനെതിരെ നടന്ന ലോങ് മാര്‍ച്ചില്‍ കലൂര്‍ സ്റ്റേഡിയം മുതല്‍ ഷിപ് യാര്‍ഡ് വരെ ഞാനും നടന്നിരുന്നു. എനിക്കൊപ്പം നടന്ന ചില ചെറുപ്പക്കാര്‍ ‘ഇന്‍ഷാ അള്ളാഹ്’ എന്ന മുദ്രാവാക്യം വിളിച്ചപ്പോള്‍ കൂടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. വാസ്തവത്തില്‍, എനിക്കപ്പോള്‍ അസഹ്യതയൊന്നും തോന്നിയില്ലെന്ന കാര്യവും ഇവിടെ കുറിക്കുന്നു.

പി.ജെ ജെയിംസ്
സി.പി.ഐ എം.എൽ റെഡ്സ്റ്റാർ പോളിറ്ബ്യുറോ മെമ്പർ, സാമ്പത്തിക വിദഗ്ദ്ധൻ.