| Wednesday, 22nd December 2021, 4:24 pm

അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ; സിദ്ദിഖ് കാപ്പന്റെ അവസ്ഥയുള്‍പ്പെടെ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് പി. സായ്‌നാഥിന്റെ തുറന്നകത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന ആശയം മാധ്യമ ക്യാന്‍വാസില്‍ നിന്ന് അപ്രത്യക്ഷമാകുകയാണെന്ന നിരീക്ഷണം നടത്തിയ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് തുറന്നകത്തെഴുതി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. പി. സായ്നാഥ്.

തങ്ങളുടെ ചെറുപ്പകാലത്ത് വലിയ അഴിമതികള്‍ തുറന്നുകാട്ടുന്ന പത്രങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരുന്നിരുന്നെന്നും പത്രങ്ങള്‍ ഒരിക്കലും തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നും രമണ നടത്തിയ നിരീക്ഷണം പ്രസക്തമാണെന്ന് രമണ പറഞ്ഞു.

” പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,

അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന ആശയം ദൗര്‍ഭാഗ്യവശാല്‍ മാധ്യമ ക്യാന്‍വാസില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. ഞങ്ങള്‍ വളര്‍ന്നുവന്നകാലത്ത് വലിയ അഴിമതികള്‍ തുറന്നുകാട്ടുന്ന പത്രങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരുന്നു. പത്രങ്ങള്‍ ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല, എന്ന പ്രസക്തമായ നിരീക്ഷണത്തിന് നന്ദി,” അദ്ദേഹം കത്തില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചതുപോലെ ‘ഗൗരവകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന അഴിമതികളെയും ദുര്‍ഭരണത്തെക്കുറിച്ചുമുള്ള പത്ര റിപ്പോര്‍ട്ടുകള്‍ക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഇന്നത്തെ കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം സ്‌റ്റോറികള്‍ ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കാണെന്നും സായ്‌നാഥ് പറഞ്ഞു.

അഴിമതികള്‍ തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകരെ യു.എ.പി.എ പോലുള്ള കഠിനമായ നിയമങ്ങള്‍ ചുമത്തി ജയിലിലടയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അവസ്ഥയും കത്തില്‍ പറയുന്നുണ്ട്.

സത്യസന്ധമായി റിപ്പോര്‍ട്ടിംഗ് ചെയ്യുന്നവര്‍ക്ക് പോലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍, ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുമ്പോഴും കോടതികളില്‍ നിന്ന് കോടതികളിലേക്ക് കേസ് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പുസ്തക പ്രകാശന ചടങ്ങില്‍വെച്ചായിരുന്നു മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജസ്റ്റിസ് രമണ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: To the CJI, On His Lament that Investigative Journalism Is Vanishing From Indian Media

We use cookies to give you the best possible experience. Learn more