അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന മുറികള്‍ക്ക് പുറത്ത് ഫോണ്‍ ജാമറുകള്‍ ഘടിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടക്കുമോ എന്ന് ആശങ്കയുണ്ടെന്നു പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടക്കുന്ന കൃമക്കേടുകള്‍ ചെറുക്കാന്‍ സാധ്യമായ എല്ലാ വഴികളും നോക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക അഭ്യര്‍ത്ഥന നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ അറിയിച്ചു.
മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകള്‍ക്ക് പുറത്ത് ജാമറുകള്‍ വെക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് നിലവില്‍ പോളിസിയിലില്ലെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബി.ബി. സ്വായിന്‍ പറഞ്ഞു.
ഗുജറാത്തില്‍ ഉപയോഗിക്കുന്ന ഇ.വി.എമ്മുകള്‍ ക്രമക്കേടു നടക്കാത്തതാണെന്നും മതിയായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും എടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
ഗുജറാത്തില്‍ ആദ്യമായാണ് പോളിംഗ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വി.വി.പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. 182 മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും ഇത് തന്നെയാണ് ഉപയോഗിക്കുക.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് അടുത്തിടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ ഇക്കാര്യം ഔദ്യോഗികമായി പരാതിപ്പെടുകയും ചെയ്തിരുന്നു.
“യു.പി തെരഞ്ഞെടുപ്പിലും ഈ മെഷീനുകളാണ് ഉപയോഗിച്ചത്. അവിടെ നിരവധി ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതാണ് ഞങ്ങളെ ആശങ്കപ്പെടുത്തുന്നത്” എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.