| Monday, 8th April 2019, 6:15 pm

മോദിയുടെ വായ ലൂകോപ്ലാസ്റ്റ് വെച്ച് ഒട്ടിക്കണം, എന്നാലെ അദ്ദേഹം കള്ളം പറയുന്നത് നിര്‍ത്തൂ; മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കണമെന്നും, അദ്ദേഹം കളവ് പറയുന്നത് തടയാന്‍ അദ്ദേഹത്തിന്റെ വായ പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ നഗ്രാകതയിലെ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മമതയുടെ പരാമര്‍ശം.

‘ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയുടെ ചുണ്ടില്‍ ലൂകോപ്ലാസ്റ്റ് (സര്‍ജിക്കല്‍ ടേപ്പ്) ഒട്ടിക്കണം. അങ്ങനെ അദ്ദേഹം കളവ് പറയുന്നത് തടയാന്‍ കഴിയും. രാജ്യത്തെ കരുതി മോദിയെ പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പുറത്താക്കണം’- മമത പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കര്‍ഷകരുടേയും പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാന്‍ മോദിക്ക് നേരമില്ലായിരുന്നെന്നും, അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ നാലര വര്‍ഷവും മോദി ലോകം ചുറ്റുന്ന തിരിക്കിലായിരുന്നെന്നും മമത കുറ്റപ്പെടുത്തി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു. നോട്ടു നിരോധനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തൊഴിലാളികള്‍ മരിച്ചപ്പോഴും കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപെട്ടപ്പോഴും മോദി എന്തു ചെയ്യുകയായിരുന്നു മമത ചോദിച്ചു.

നേരത്തെ ബി.ജെ.പിയുടെ പ്രകടനപത്രികയെ വിമര്‍ശിച്ച് മമത രംഗത്തെത്തിയിരുന്നു. ബംഗാളിനുവേണ്ടി പ്രധാനമന്ത്രി ചില്ലിക്കാശ് ചെലവാക്കിയിട്ടുണ്ടോയെന്നായിരുന്നു മമതയുടെ ചോദ്യം? ഇത്രയും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മോദി ബംഗാളിനു വേണ്ടി എന്തു കാര്യമാണു ചെയ്തത്. അഞ്ചുവര്‍ഷം വിദേശപര്യടനത്തിലായിരുന്ന മോദി ഇപ്പോള്‍ ഇവിടെ വരേണ്ടതായി വരുന്നുവെന്നും മമത പറഞ്ഞു.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍, വിവിധ മണ്ഡലങ്ങളിലായി എല്ലാ ഘട്ടങ്ങളിലും ബംഗാള്‍ പോളിങ്ങ് ബൂത്തിലേക്ക് പോകും. 42 ലോക്‌സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്.

We use cookies to give you the best possible experience. Learn more