ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ ചേരി രൂപീകരിക്കാനായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരുമായും അദ്ദേഹം കൂടികാഴ്ച്ച നടത്തി.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സഖ്യം ചേരുന്നതിനെ കുറിച്ച് വാര്‍ത്തവന്നതിനു പിന്നാലെയാണ് നായിഡുവിന്റെ ഈ കൂടികാഴ്ച്ച.
തെലുങ്കുദേശം പാര്‍ട്ടി നേതാവും മറ്റ് പ്രതിപക്ഷ പാര്‍ട്ടിയുമായുള്ള രണ്ടാമത്തെ കൂടികാഴ്ച്ചയാണ് ഇപ്പോള്‍ നടന്നതെന്നാണ് വിവരം. ആന്ധ്രഭവനില്‍ വച്ച് ദല്‍ഹി മുഖ്യമന്ത്രിയും ആന്ധ്ര മുഖ്യമന്ത്രിയും തമ്മില്‍ കൂടി കാഴ്ച്ച നടത്തി. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള വിശാലസഖ്യത്ത കുറിച്ചും മറ്റ് രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയതെന്നുമാണ് വിവരങ്ങള്‍.
“ജനുവരി 19 ന് കൊല്‍ക്കത്തയില്‍ വച്ചു നടക്കുന്ന റാലിയിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ക്ഷണം സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ക്ഷണം സ്വീകരിച്ച് റാലിയില്‍ പങ്കെടുക്കാനാണ് തിരുമാനം”- ചന്ദ്രബാബു നായിഡുവുമായുള്ള കൂടി കാഴ്ച്ചയ്ക്ക് ശേഷം ശരത് പവാര്‍ പറഞ്ഞു.
“ഞങ്ങള്‍ കൊല്‍ക്കത്തയില്‍ എത്തിയാല്‍ മറ്റ് പാര്‍ട്ടി നേതാക്കളുമായുള്ള കൂടികാഴ്ച്ചയ്ക്ക് സാധ്യതയുണ്ട്.ഞങ്ങള്‍ അവരെ കാണുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല.എന്നാല്‍ റാലിക്ക് ശേഷം അവരെ കാണാനും ഭാവി രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് തീരുമാനം.” ശരത് പവാര്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ അന്ന് ചര്‍ച്ച ചെയ്യുമെന്നും നായിഡു പറഞ്ഞു.
“മമതാജിയുടെ ക്ഷണം ഉണ്ട്. എല്ലാവരും എത്തുമെന്നാണ് പ്രതീക്ഷ.ആവശ്യമാണെങ്കില്‍ കൊല്‍ക്കത്തയിലെ റാലിക്ക് ശേഷം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.”-നായിഡു പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാനായി എല്ലാവരും ഒരുമിക്കണം. ജനാധിപത്യം അത് അനുശാസിക്കുന്നു.എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായി ചില നിര്‍ബന്ധങ്ങള്‍ ഉണ്ടാവും. എന്നാല്‍ ദേശീയ തലത്തില്‍ ഒരുമിക്കാന്‍ നമ്മള്‍ ശ്രമിക്കണം- നായിഡു പറഞ്ഞു.
സാമ്പത്തികമായ് പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള ബില്‍ അംഗീകരിക്കുന്നതായും ചന്ദ്രബാബു നായിഡു പറഞ്ഞു.