ദല്‍ഹി: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താമെന്ന് കുടുംബാംഗങ്ങള്‍
India
ദല്‍ഹി: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താമെന്ന് കുടുംബാംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd January 2013, 2:46 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്താമെന്ന് മാതാപിതാക്കള്‍. ബലാത്സംഗത്തിനെതിരെ പുതിയ നിയമം വരുമ്പോള്‍ അതിന് മകളുടെ പേര് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.[]

ഇത്തരത്തില്‍ നിയമത്തിന് പേരിടുന്നത് ആദരവായി കാണുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്തണമെന്ന കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍.

മാനഭംഗത്തിനെതിരെ പുതുക്കി അവതരിപ്പിക്കുന്ന നിയമത്തിന്, മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍, ആ പെണ്‍കുട്ടിയുടെ പേരുനല്‍കി കുട്ടിയെ ആദരിക്കണമെന്ന് ഇന്നലെ തരൂര്‍ ട്വിറ്റര്‍ കുറിപ്പില്‍  അഭിപ്രായപ്പെട്ടിരുന്നു.

നിര്‍ഭയ, ജ്യോതി, ദാമിനി, അമാനത്ത് എന്നീ പേരുകളിലാണ് മാധ്യമങ്ങള്‍ കുട്ടിയെ വിശേഷിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്തുന്നതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു.

അതിനിടെ, യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെയും ദല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപയുടെയും സഹായധനം ഇതേവരെ ലഭിച്ചിട്ടില്ലെന്ന് യുവതിയുടെ സഹോദരന്‍ പി.ടി.ഐയോട് പറഞ്ഞു.

അതേസമയം യുവതിയുടെ വിവാഹം നിശ്ചയിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് ല്‍കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.