ലഖ്‌നൗ: യു.പിയില്‍ 14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. ഉന്നാവോയിലെ ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് രാജിവെച്ചത്. ജില്ലയില്‍കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് തങ്ങളെ ബലിയാടാക്കുന്നുവെന്ന് പറഞ്ഞാണ് രാജി.
സംയുക്ത രാജി കത്തില്‍ ഒപ്പിട്ട 14 ഡോക്ടര്‍മാരില്‍ 11 പേര്‍ ബുധനാഴ്ച വൈകുന്നേരം ഉന്നാവോയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് സന്ദര്‍ശിച്ച് കത്ത് കൈമാറി.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും ചുമതലയുള്ള ഡോക്ടര്‍മാരാണ് രാജിവെച്ചത്. ഗ്രാമീണരുടെ ചികിത്സയ്ക്ക് മുന്‍നിരയിലുള്ള സ്ഥലങ്ങളാണ് ഇവ രണ്ടും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും മോശം പെരുമാറ്റവും ശിക്ഷാനടപടികളുമാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കത്തില്‍ പറയുന്നു.
അതേസമയം, ഡോക്ടര്‍മാര്‍ രാജി പിന്‍വലിക്കണമെന്നും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഉന്നാവോ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി.
കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
48 മണിക്കൂറിനുള്ളില്‍ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലയിലും മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്ത നിരക്ഷരരായ ഗ്രാമീണര്‍ക്ക് വാക്സിന്‍ നല്‍കേണ്ട കാര്യത്തില്‍ തീരുമാനമാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യു.പി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം വിശ്വസനീയമല്ലെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: To Prove We Worked”: UP Doctors Quit Posts Over ‘Endless’ Covid Review