| Tuesday, 24th March 2020, 6:08 pm

'ക്രിമിനല്‍ കേസില്‍നിന്നും രക്ഷപെടാന്‍ ബി.ജെ.പിയില്‍ ചേരൂ'; സിന്ധ്യയെ ട്രോളി തരൂരിന്റെ കുറിപ്പടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരിലുള്ള കേസുകള്‍ അവസാനിപ്പിച്ചതിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. കൊവിഡിനെ നിയന്ത്രിക്കാന്‍ കൈ വൃത്തിയാക്കുന്നതുപോലെ ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപെടാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മതിയെന്നായിരുന്നു തരൂരിന്റെ പരിഹാസം.

‘ഇന്നത്തെ കുറിപ്പടി:
കൊവിഡിനെ തടയാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, പാപമോചനത്തിന് ഗംഗയില്‍ മുങ്ങൂ, ക്രിമിനല്‍ കേസുകൡനിന്നും രക്ഷപെടാന്‍ ബി.ജെ.പിയില്‍ ചേരുക’, ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ.

മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് അവസാനിപ്പിച്ചത്. സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

തുടര്‍ന്ന് മാര്‍ച്ച് 12 ന് സിന്ധ്യക്കെതിരായ പരാതിയില്‍ വസ്തുതകള്‍ വീണ്ടും അന്വേഷിക്കാന്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം തീരുമാനിച്ചിരുന്നു.

2009 ല്‍ ഗ്വാളിയോറില്‍ ഭൂമി വില്‍ക്കുന്നതിനായി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സിന്ധ്യക്കെതിരായ പരാതി വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കരനായ സുരേന്ദ്ര ശ്രീവാസ്തവ മാര്‍ച്ച് 12 തങ്ങളെ സമീപിച്ചിരുന്നെന്നും ഇത് പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചതാണെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടെലഗ്രം പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ വെള്ളിയഴ്ചയാണ് കേസ് അവസാനിപ്പിക്കനുള്ള തീരുമാനം എടുത്തത്. വെള്ളിയാഴ്ച തന്നെയായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ വേണ്ട ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജി വെച്ചത്.

2014 മാര്‍ച്ച് 26 നാണ് അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന സിന്ധ്യയ്ക്കും കുടുംബത്തിനും എതിരെ സുരേന്ദ്ര ശ്രീവാസ്തവ പരാതി നല്‍കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നത്. സിന്ധ്യയോട് കൂറുള്ള 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ വിശ്വാസ വോട്ട് നേടി അധികാരം ഉറപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍.

വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല എന്നുറപ്പായതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more