മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരിലുള്ള കേസുകള്‍ അവസാനിപ്പിച്ചതിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. കൊവിഡിനെ നിയന്ത്രിക്കാന്‍ കൈ വൃത്തിയാക്കുന്നതുപോലെ ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപെടാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മതിയെന്നായിരുന്നു തരൂരിന്റെ പരിഹാസം.
‘ഇന്നത്തെ കുറിപ്പടി:
കൊവിഡിനെ തടയാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, പാപമോചനത്തിന് ഗംഗയില്‍ മുങ്ങൂ, ക്രിമിനല്‍ കേസുകൡനിന്നും രക്ഷപെടാന്‍ ബി.ജെ.പിയില്‍ ചേരുക’, ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ.
Today’s prescription:
To prevent #Covid19 use hand sanitisers, to prevent damnation dip in the Ganga, to prevent criminal charges join BJP https://t.co/ItvI4l3urM— Shashi Tharoor (@ShashiTharoor) March 24, 2020
മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് അവസാനിപ്പിച്ചത്. സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തുടര്‍ന്ന് മാര്‍ച്ച് 12 ന് സിന്ധ്യക്കെതിരായ പരാതിയില്‍ വസ്തുതകള്‍ വീണ്ടും അന്വേഷിക്കാന്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം തീരുമാനിച്ചിരുന്നു.
2009 ല്‍ ഗ്വാളിയോറില്‍ ഭൂമി വില്‍ക്കുന്നതിനായി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സിന്ധ്യക്കെതിരായ പരാതി വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കരനായ സുരേന്ദ്ര ശ്രീവാസ്തവ മാര്‍ച്ച് 12 തങ്ങളെ സമീപിച്ചിരുന്നെന്നും ഇത് പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചതാണെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടെലഗ്രം പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ വെള്ളിയഴ്ചയാണ് കേസ് അവസാനിപ്പിക്കനുള്ള തീരുമാനം എടുത്തത്. വെള്ളിയാഴ്ച തന്നെയായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ വേണ്ട ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജി വെച്ചത്.
2014 മാര്‍ച്ച് 26 നാണ് അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന സിന്ധ്യയ്ക്കും കുടുംബത്തിനും എതിരെ സുരേന്ദ്ര ശ്രീവാസ്തവ പരാതി നല്‍കുന്നത്.