ന്യൂദല്‍ഹി: സിനിമാ താരങ്ങളെപ്പോലെ ക്രിക്കറ്റ് താരങ്ങളും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന മേഖലയാണ് പരസ്യചിത്രങ്ങളുടെത്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും പരസ്യങ്ങളിലൂടെ കോടികള്‍ സമ്പാദിച്ചവരാണ്. ഇവര്‍ക്ക് പിറകേ ഇന്ത്യന്‍ ടീമിലെത്തിച്ചേര്‍ന്ന വിരാട് കോഹ്‌ലിയും പരസ്യചിത്രങ്ങളുടെ മുഖമായി മാറിയിരുന്നു.
എന്നാല്‍ അടുത്ത കാലത്തായി കോഹ്‌ലി പരസ്യ ചിത്രങ്ങളോടുള്ള തന്റെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. കോടികള്‍ വരുന്ന വരുമാന മാര്‍ഗം വേണ്ടെന്നുവെച്ചാണ് ശക്തമായയ തീരുമാനങ്ങള്‍ ഇന്ത്യന്‍ നായകനെടുത്തിരിക്കുന്നത്. നേരത്തെ ശീതളപാനീയങ്ങളുടെ പരസ്യത്തില്‍ ഇനി അഭിനയിക്കില്ലെന്നു പറഞ്ഞ താരം ഇപ്പോള്‍ നിലപാട് ഒന്നു കൂടി കടുപ്പിച്ചിരിക്കുകയാണ്.
സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഇനി താനില്ലെന്നാണ് താരം ഏറ്റവും ഒടുവിലായി പറഞ്ഞിരിക്കുന്നത്. താന്‍ ഉപയോഗിക്കുന്നതും വിശ്വസിക്കുന്നതുമായ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കൂ എന്നാണ് കോഹ്‌ലിയുടെ തീരുമാനം.
Dont Miss: ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
നേരത്തെ പെപ്‌സിയുള്‍പ്പെടെയുള്ള ശീതളപാനീയങ്ങളുടെയും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെയും പരസ്യങ്ങളില്‍ ഇന്ത്യന്‍ നായകനുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരം കരാറുകള്‍ പുതുക്കേണ്ടതില്ലെന്നാണ് താരം തീരുമാനിച്ചിരിക്കുന്നത്. താന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ലെന്നും പിന്നെങ്ങനെയാണ് അത് പ്രചരിപ്പിക്കാന്‍ കഴിയുകയെന്നും നേരത്തെ കോഹ്‌ലി പ്രതികരിച്ചിരുന്നു.
“ഞാന്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്ന ആളാണ്. ശീതളപാനീയങ്ങളൊന്നും കുടിക്കാറില്ല. അങ്ങനെയുള്ള ഞാന്‍ അതിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കലാണ്.” എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
പെപ്സിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്ന താരം പിന്നീട് കോണ്‍ട്രാക്ട് പുതുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും കോഹ്‌ലി പറഞ്ഞു.