ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്ഥാനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമന്ന എ.ഐ.എം.ഐ.എം നേതാവ് ഒവൈസിയുടെ പ്രസ്താവനക്ക് പിന്നാലെ മുസ്‌ലീങ്ങള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി വിനയ് കത്യാര്‍.
ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്ക് പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകാമെന്നും മുസ്‌ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നുമായിരുന്നു കത്യാരുടെ പ്രസ്താവന.
വന്ദേമാതരത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയെ അപമാനിക്കുന്നവരേയും പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവരേയും ശിക്ഷിക്കത്തക്ക രീതിയിലുള്ള ഒരു ബില്‍ പാസ്സാക്കേണ്ടതുണ്ട്. – വിനയ് കത്യാര്‍ പറയുന്നു. മുസ് ലീങ്ങള്‍ക്ക് കഴിയാനുള്ള രാജ്യമല്ല ഇന്ത്യയെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലീങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒരു രാജ്യം കൊടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ അവര്‍ക്ക് ഇന്ത്യയില്‍ കഴിയേണ്ട ആവശ്യം എന്താണ്? പാക്കിസ്ഥാനോ ബംഗ്ലാദേശോ, അവര്‍ക്ക് സമാധാനം ലഭിക്കുന്ന മറ്റെവിടേക്കെങ്കിലും പോയാല്‍ പോരേ?- എന്നായിരുന്നു കത്യാരുടെ ചോദ്യം.
ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്കെതിരെ അധിക്ഷേപകരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നായിരുന്നു ഒവൈസി ആവശ്യപ്പെട്ടത്.
പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മുസ്ലിം പ്രദേശങ്ങളെ ബലപ്രയോഗത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന പ്രവണതയെ ബറേലി മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ പ്രസ്താവനയുമായി ഒവൈസി രംഗത്തെത്തിയത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇത്തരത്തിലുള്ള പ്രസ്താവനകളാണെന്നും അവയ്ക്കെതിരെ കര്‍ശന നിയമനടപടി കൊണ്ടുവരണമെന്നും ഒവൈസി പറഞ്ഞിരുന്നു.