പുറത്താക്കപ്പെട്ടാല്‍ എങ്ങിനെയാവണമെന്നതിന് ഞാന്‍ പുതിയ മാതൃകയാവും: ഗോപികോട്ടമുറിക്കല്‍
Kerala
പുറത്താക്കപ്പെട്ടാല്‍ എങ്ങിനെയാവണമെന്നതിന് ഞാന്‍ പുതിയ മാതൃകയാവും: ഗോപികോട്ടമുറിക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2012, 4:20 pm

കൊച്ചി: സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാള്‍ എങ്ങനെയാകണമെന്ന് താന്‍ പുതിയ മാതൃക കാണിക്കുമെന്ന് സി.പി.ഐ.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. സി.പി.ഐ എമ്മില്‍ നിന്നും പുറത്താക്കിയ നടപടിയെ താന്‍ അംഗീകരിക്കുന്നെന്നും മരണം വരെ പാര്‍ട്ടിയ്‌ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായ അറിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹംവ്യക്തമാക്കി.

പാര്‍ട്ടിയ്ക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കും. തന്നോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് ഒരിക്കലും പറയില്ല. പാര്‍ട്ടിയുടെ ഏത് നടപടിയും താന്‍ ശിരസ്സാവഹിക്കും. പരിപൂര്‍ണമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ആളാണ് താന്‍. വ്യക്തിപരമായ വിഷമം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിക്കില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

താന്‍ പിണറായി വിജയന് കത്തയച്ചത് എന്തിനാണെന്നും ഗോപി കോട്ടമുറിക്കല്‍ വിശദീകരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിന്ധു ജോയിയുടെ പരാജയമാണ് പിണറായി വിജയന് അയച്ച കത്തിലെ ഒരു പരാമര്‍ശം. 31,000 പാര്‍ട്ടി വോട്ടുകളാണ് സിന്ധുവിന് നഷ്ടമായത്. കെ.വി തോമസ് വിജയിച്ച് അഞ്ചാറു ദിവസത്തിനുള്ളില്‍ ജി.സി.ഡി.എ അധ്യക്ഷയായ സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ജോസഫൈസന്‍ തോമസിന് സ്വീകരണം നല്‍കി. എങ്ങനെയാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ഇതിനു കഴിയുക എന്നാണ് താന്‍ പിണറായിയോട് ചോദിച്ചത്.

തനിക്കെതിരേ 88 വാര്‍ത്തകളാണ് വന്നതെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ചു. “ഒരു വര്‍ഷമായി എന്നെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിച്ച് തകര്‍ക്കുകയായിരുന്നു മാധ്യമങ്ങള്‍. എന്നെപ്പോലെ നിര്‍ഭാഗ്യവാന്‍മാര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് അറിയാന്‍ കഴിയില്ല. നിങ്ങളെപ്പോലുള്ള ചില ഭാഗ്യവാന്‍മാര്‍ കഠിന പരിശ്രമം നടത്തിയിട്ടാണ് തന്നെ ഈ ഗതിയിലെത്തിച്ചത്. എനിയ്‌ക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ എസ്. ശര്‍മയും ചന്ദ്രന്‍ പിള്ളയുമാണ്. അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത് പൂര്‍ണബോധ്യത്തോടെയാണ്. ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഇവര്‍ക്കെതിരെ പാര്‍ട്ടി എന്തെങ്കിലും നടപടിയെടുക്കുമോയെന്ന് അറിയില്ല.”

“അവര്‍ അറിയാതെ ഒന്നും നടക്കില്ല. എന്നെ സ്വഭാവഹത്യ നടത്തിയത് അവരാണ്. അവര്‍ക്കൊപ്പം വി.എസ് അച്യുതാനന്ദന്‍ ഉണ്ടോയെന്ന് അറിയില്ല. എങ്കിലും വി.എസിന്റെ പല പരാമര്‍ശങ്ങളും ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറയാന്‍ കാരണമായി . വി.എസ് വലിയ കമ്മ്യൂണിസ്റ്റുകാരനാണ്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ പൊളിഞ്ഞതും നെടുമ്പാശേരി വിമാനത്താവളത്തിലെ നിയമനങ്ങളും സംബന്ധിച്ച് വി.എസിനും കത്ത് നല്‍കിയിരുന്നു”

“എനിക്കെതിരായ ആരോപണത്തില്‍ അന്വേഷണ കമ്മീഷന്റെ സിറ്റിംഗ് പിറ്റേദിവസം നടക്കുന്നുണ്ടെന്ന കാര്യം എന്നെ ആരും അറിയിച്ചിരുന്നില്ല. തലേ ദിവസം രാത്രിയാണ് വിവരം അറിയുന്നത്. എം.സി ജോസഫൈന്‍ വിവരം അറിയിച്ചില്ലേയെന്നു ചോദിച്ച് വൈക്കം വിശ്വന്‍ വിളിച്ചിരുന്നു. ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ പിറ്റേന്ന് സിറ്റിംഗിനെത്താന്‍ പറയുകയായിരുന്നു.” ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

പാര്‍ട്ടിയെ ക്രിമിനല്‍ സംഘം സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ചും എറണാകുളം ജില്ലയില്‍. അതില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കേണ്ടതുണ്ട്. ക്രിമിനല്‍ സംഘത്തെക്കുറിച്ചുള്ള പല തെളിവുകളും തന്റെ കൈയ്യിലുണ്ടെന്നും താമസിയാതെ അതെല്ലാം പുറത്തുവരുമെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.