| Wednesday, 19th September 2018, 10:45 am

മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിന് വേദിയൊരുക്കാന്‍ ഗോശാലയില്‍നിന്നും മാറ്റിയത് 450 പശുക്കളെ; വെള്ളവും ഭക്ഷണവും ലഭിക്കാതെ ചത്തൊടുങ്ങിയത് നിരവധി പശുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ കാമ്പയിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ തത്സമയ വീഡിയോ കോണ്‍ഫറന്‍സിന് വേദിയൊരുക്കാനായി രാജ്ഗറിലെ ഗോശാലയില്‍ നിന്നും 450 പശുക്കളെമാറ്റിപ്പാര്‍പ്പിച്ച സംഭവം വിവാദമാകുന്നു. സെപ്റ്റംബര്‍ 15 നായിരുന്നു സംഭവം.

രാജ്ഗര്‍ ജില്ലയിലെ പിപ്പ്‌ലിയ കുല്‍മി ഗ്രാമത്തിലെ വേദിയൊരുക്കാനായി ഗോശാലയില്‍ നിന്നും പശുക്കളെ തിരക്കിട്ട് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. നവീന്‍ ഗായത്രി ഗോശാലയില്‍ നിന്നും പശുക്കളെ മാറ്റുന്ന വിവരം പുറത്തറിയിച്ചിരുന്നില്ല.

വേദി സ്ഥാപിക്കാനായി ഒരാഴ്ച മുന്‍പേ പശുക്കളെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വേണ്ട ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. വേണ്ടത്ര സൗകര്യമില്ലാത്തിടത്താണ് പശുക്കളെ എത്തിച്ചത്. എട്ട് പശുക്കള്‍ പട്ടിണി മൂലം മരണപ്പെട്ടു. പല പശുക്കള്‍ക്കും മറ്റ് അസുഖങ്ങള്‍ പിടിപെടുകയും ചെയ്തിട്ടുണ്ട്.

“”ഒരാഴ്ചയായി പശുക്കളെ അടച്ചിടുകയായിരുന്നു. എട്ട് പശുക്കളാണ് ചത്തത്. നിരവധി പശുക്കള്‍ക്ക് വിവിധ രോഗങ്ങള്‍ ബാധിച്ച അവസ്ഥയിലാണ്. ഗോശാലയുടെ നടത്തിപ്പുകാരനും ജില്ലാ ഭരണകൂടവും വേദിയൊരുക്കുന്നതിനും മറ്റുമുള്ള തിരക്കിലായിരുന്നു. പശുക്കളുടെ കാര്യമേ അവര്‍ മറന്നു. – പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകനായ ശ്യാം തേജ്‌രി പറഞ്ഞു.


Dont Miss ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയില്‍വെച്ച്


മോദിയുടെ തത്സമയ വീഡിയോ കോണ്‍ഫറന്‍സിന് വേദിയൊരുക്കാനായിരുന്നു ഇത് ചെയ്തതെങ്കിലും ആകെ മൂന്ന് മിനുട്ട് മാത്രമാണ് പ്രസംഗം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കാനായത്. ഇന്റര്‍നെറ്റ് തകരാര്‍ മൂലം ബാക്കി പ്രസംഗം കാണിക്കാനും ആയിരുന്നില്ല.

17 ജില്ലകളിലാണ് മോദിയുടെ പ്രസംഗത്തിന്റെ ലൈവ് വീഡിയോ ടെലകാസ്റ്റ് ചെയ്തിരുന്നത്. ചാണകത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ബയോഗ്യാസ് ഉണ്ടാക്കുന്ന ഗോശാലകളില്‍ വീഡിയോ കോണ്‍ഫറന്‍സ് ഒരുക്കണമെന്നായിരുന്നു ഉത്തരവ്. മധ്യപ്രദേശിലെ രാജ്ഗറിലെ നവീന്‍ഗായത്രി ഗോശാലയാണ് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒന്ന്.

പശുക്കളെ മാറ്റിയ ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി. മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് നടത്താനായി പശുക്കള്‍ കൊലചെയ്യപ്പെട്ടിരിക്കുകയാണ്. ഇതാണ് ബി.ജെ.പിയുടെ പശു സ്‌നേഹം എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more