| Sunday, 13th February 2022, 1:17 pm

ഐ.എന്‍.എല്‍ പിളര്‍പ്പിലേക്ക്; സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഐ.എന്‍.എലിന്റെ നിലവിലുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണ. അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരും. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ നേതാവ് അബ്ദുള്‍ വഹാബ് പക്ഷത്തിലെ ആരെയും ഉള്‍പ്പെടുത്തിയേക്കില്ല.

ഞായാറാഴ്ച ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തില്‍ തീരുമാനമാകും. ഐ.എന്‍.എല്‍ മുതിര്‍ന്ന നേതാവ് കാസിം ഇരിക്കൂര്‍ പക്ഷമാണ് പുതിയ നീക്കത്തിന് പിന്നില്‍.

നേരത്തെ പിളര്‍പ്പുണ്ടായിരുന്നെങ്കിലും സി.പി.ഐ.എം അന്ത്യശാസനം മാനിച്ച് ഇരുവിഭാഗവും യോജിച്ച് പോവുകയായിരുന്നു. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐ.എന്‍എ.ല്ലിന് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും മറ്റു പദവികള്‍ പങ്കിടുന്നതായിരുന്നു തര്‍ക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായിട്ടുണ്ടായിരുന്നത്.

എല്‍.ഡി.എഫ് നല്‍കിയ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പങ്കിടുന്നതടക്കമുള്ള
കാര്യങ്ങള്‍ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്.

ഇനി യോജിച്ച് പോകാനാവില്ലെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ നിലപാട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനാണ് ദേശീയ കൗണ്‍സില്‍ ചേരുന്നതെന്നാണ് വാദമെങ്കിലും കേരളഘടകത്തെ പിരിച്ച് വിടലായിരിക്കും പ്രധാന അജണ്ട.

പ്രസിഡണ്ട് എ.പി. അബ്ദുള്‍ വഹാബിനെ ദേശീയ കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നീക്കാനാണ് ശ്രമം. വൈകിട്ട് 4ന് ഓണ്‍ലൈനായാണ് യോഗം നടക്കുക. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പിന്തുണയോടെയാണ് പുതിയ നീക്കം.

നേരത്തെ കാസര്‍കോഡ് ജില്ലയിലെ ഐ.എന്‍.എല്‍ അംഗത്വ വിതരണോദ്ഘാടനത്തിനിടെ ഇരുവിഭാഗവും തമ്മില്‍ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഒടുവില്‍ അബ്ദുള്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷമാണ് പരിപാടി തുടര്‍ന്നത്.


Content Highlights: To INL split; National leadership agrees to dissolve state committee

We use cookies to give you the best possible experience. Learn more