|

ട്രെയിനില്‍ മോഷണവും മയക്കുമരുന്ന് ഉപയോഗവും വര്‍ദ്ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ വരെ ട്രെയിനില്‍ 7,253 മോഷണങ്ങളും 549 മയക്കുമരുന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മോഷണക്കേസുകള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട്് ചെയ്യപ്പെട്ടത് പടിഞ്ഞാറന്‍-മധ്യ റെയില്‍വേയിലാണ് 1,406.[]

മധ്യ റെയില്‍വേ രണ്ടാം സ്ഥാനത്തും(1,049) വടക്കന്‍ റെയില്‍വേ മൂന്നാം സ്ഥാനത്തും(741) നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ കിഴക്കന്‍-മധ്യ റെയില്‍വേയിലും കിഴക്കന്‍ റെയില്‍വേയിലും യഥാക്രമം 102, 76 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 9,230, 1,109 ആയിരുന്നു. യാത്രക്കാര്‍ക്ക് മയക്കുമരുന്നുകള്‍ കലര്‍ത്തിയ പഴങ്ങള്‍, ചായ, കൂള്‍ ഡ്രിങ്ക്‌സ്, മധുര പലഹാരങ്ങള്‍ എന്നിവ നല്കി ബോധം കെടുത്തിയശേഷം അവരുടെ സാധന സാമഗ്രികളുമായി രക്ഷപ്പെടുകയാണ് സാധാരണ മോഷണരീതിയെന്ന് മന്ത്രാലയ അധികൃതര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിനുള്ള പ്രചാരണം നടത്തും. 192 പിടിച്ചുപറി കേസുകളും 72 മാനഭംഗ ശ്രമങ്ങളും 72 മാനഭംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2011 പിടിച്ചുപറി കേസുകള്‍ 258, മാനഭംഗശ്രമം 76, മൂന്ന് ബലാല്‍സംഗക്കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റെയില്‍വേ 202 പ്രശ്‌ന സാധ്യതയുള്ള സ്റ്റേഷനുകളെ ബന്ധിപ്പിച്ചു സി.സി ടി.വി സംവിധാനമുള്‍പ്പെടെയുള്ള കേന്ദ്രീകൃത സെക്യൂരിറ്റി സിസ്റ്റം തുടങ്ങും.