കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ ടി-20 ലോകകപ്പില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയും 40 റണ്‍സ് എടുത്തും ഹര്‍ദിക് പാണ്ഡ്യ തിളങ്ങിയിരുന്നു. ഇതിന് പിന്നാലെ നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ട് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഹര്‍ദിക് ഇപ്പോള്‍.
മങ്കാദിങ് ചെയ്യുന്ന ബൗളര്‍മാര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നതിനെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യ എത്തിയിരിക്കുന്നത്. നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ട് ആക്കുന്നത് സംബന്ധിച്ച് ഉയരുന്ന ബഹളങ്ങള്‍ അവസാനിപ്പിക്കണമെന്നും അതൊരു നിയമമാണെന്നും ഹര്‍ദിക് പറഞ്ഞു.
‘നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ട് ആക്കുന്നത് സംബന്ധിച്ച് ഉയരുന്ന ഈ ബഹളങ്ങള്‍ അവസാനിപ്പിക്കണം. അതൊരു നിയമമാണ്. കളിയുടെ സ്പിരിറ്റ് എന്നതൊന്നും വിഷയമല്ല. വ്യക്തിപരമായി എനിക്ക് അതിനോട് എതിര്‍പ്പില്ല. ഞാന്‍ ക്രീസിന് പുറത്ത് നില്‍ക്കെ എന്നെ റണ്‍ഔട്ട് ആക്കിയാല്‍ എനിക്ക് അതില്‍ പ്രശ്നമില്ല. അത് എന്റെ തെറ്റാണ്,’ ഹര്‍ദിക് പറയുന്നു.
മാച്ച്അപ്പ്‌സ് ഓവര്‍ റേറ്റഡ് ആണെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പറയുന്നു.
‘മാച്ച്അപ്പ്‌സ് എന്റെ കാര്യത്തില്‍ ശരിയാവില്ല. കാരണം, ഞാന്‍ ബാറ്റ് ചെയ്യുന്ന സാഹചര്യം നോക്കൂ. ടോപ് 3,4 സ്ഥാനത്ത് ബാറ്റ് ചെയ്യുന്നവരിലാണ് മാച്ച്അപ്പ് നോക്കാനാവുക. ചില സമയത്ത് ഞാന്‍ ഒരു ബൗളര്‍ക്കെതിരെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതായി വരും. എന്നാല്‍ സാഹചര്യം അത് ആവശ്യപ്പെടുന്നില്ലെങ്കില്‍, എന്റെ ടീമിനെ പ്രതികൂലമായി ബാധിക്കും എങ്കില്‍ ഞാന്‍ റിസ്‌ക് എടുക്കില്ല,’ ഹര്‍ദിക് പറഞ്ഞു.
ടി-20 ക്രിക്കറ്റില്‍ മാച്ച്അപ്പുകള്‍ ഓവര്‍ റേറ്റഡ് ആണ്. ഏകദിനത്തിലും ടെസ്റ്റിലും അതില്‍ കാര്യമുണ്ടായേക്കാം. എന്നാല്‍ ട്വന്റി-20കളില്‍ മാച്ച്അപ്പ്‌സില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ലോകകപ്പ് ജയിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ മറ്റ് പല ടൂര്‍ണമെന്റും ജയിച്ചിട്ടുണ്ട്. മാച്ച്അപ്പ്‌സിനെ ചൊല്ലി ഞാന്‍ ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ലെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്താനെതിരായ മത്സരത്തില്‍ പക്വതയേറിയ പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെച്ചത്. വിക്കറ്റ് കളയാതെ അവസാന നിമിഷം വരെ വിരാട് കോഹ്‌ലിക്ക് ഒപ്പം നിന്ന് പോരാടിയാണ് ഹാര്‍ദിക് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അഞ്ചാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം 113 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടും ഹര്‍ദിക് പടുത്തുയര്‍ത്തി.