'എന്‍.സി.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉദ്ദവ് താക്കറെ'; യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും ശിവസേന
India
'എന്‍.സി.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉദ്ദവ് താക്കറെ'; യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 1:19 pm

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. എം.എല്‍.എമാരുടെ കൃത്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും എന്‍.സി.പിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

എന്‍.സി.പി നേതാവ് ശരദ് പവാറുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.

ഇത് ബി.ജെ.പി കളിച്ച കളിയാണ്. മഹാരാഷ്ട്രയില്‍ അവര്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഇത്. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗബലം ഇല്ല. മഹാരാഷ്ട്രയില്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞു. അവര്‍ ശിവസേന എം.എല്‍.എമാരെ പിളര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ മഹാരാഷ്ട്ര ഉറങ്ങിക്കിടക്കില്ല.

ഭരണഘടനയേയും മഹാരാഷ്ട്രയിലെ ജനവിധിയേയും അപമാനിക്കുന്ന നടപടിയാണ് ബി.ജെ.പി കൈക്കൊണ്ടത്. വിമത എം.എല്‍.എമാര്‍ തന്നെ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. മഹാരാഷ്ട്ര ഭരിക്കുക ശിവസേന കോണ്‍ഗ്രസ് എന്‍.സി.പി സഖ്യമായിരിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന കുട്ടിക്കളി പരിഹാസ്യമാണ്. അവര്‍ പശതേച്ച് അവിടെ തന്നെ ഇരിക്കുകയാണ്. ഇത് തന്നെയാണ് ബി.ജെ.പി ഹരിയാനയിലും ബീഹാറിലും ചെയ്തതെന്നും താക്കറെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരുന്നെന്നും സേന-എന്‍.സി.പി കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നെന്നും പവാര്‍ പറഞ്ഞു.

170 എം.എല്‍.എമാരുടെ പിന്തുണ ഇപ്പോഴും ഞങ്ങള്‍ക്ക് ഉണ്ട്. പത്തോ പതിനൊന്നോ എന്‍.സി.പി എം.എല്‍.എമാര്‍ മാത്രമേ അജിത് പവാറിനൊപ്പം പോവുകള്ളൂ.

എല്ലാതവണയും പോലെ കുതിരക്കച്ചവടം നടത്തിയാണ് ബി.ജെ.പി ഇത്തവണയും അധികാരത്തിലെത്തിയത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് രാവിലെ ആറരയ്ക്ക് മാത്രമാണെന്നും പവാര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ