| Tuesday, 3rd August 2021, 11:23 am

വനിതാ ഹോക്കി ടീമിന് 'മുന്‍ കോച്ച്' ഷാരൂഖ് ഖാന്റെ നിര്‍ദേശം; മറുപടി കൊടുത്ത് 'യഥാര്‍ത്ഥ കോച്ച്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടോകിയോ ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി ഹോക്കി ഇന്ത്യന്‍ വനിതാ ടീം സെമിഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ ട്വിറ്ററില്‍ തരംഗമാവുന്നത് രണ്ടുപേരാണ്. നിലവിലെ വനിതാ ഹോക്കി ടീമിന്റെ കോച്ചായ ജോര്‍ഡ് മാര്‍ജിനും ബോളിവുഡ് നടനായ ഷാരൂഖ് ഖാനും. 2007ല്‍ പുറത്തിറങ്ങിയ ചക്ക് ദേ ഇന്ത്യ എന്ന ചിത്രത്തില്‍ വനിതാ ഹോക്കി ടീമിന്റെ കോച്ചായി അഭിനയിച്ച ഷാരൂഖ് ഖാന്‍ യാഥാര്‍ത്ഥ കോച്ചിന്റെ ട്വീറ്റിന് മറുപടി ട്വീറ്റ് ഇട്ടതുമുതലാണ് ഇരുവരും ചര്‍ച്ചയിലേക്ക് വന്നത്.

സെമിയിലേക്ക് കടന്ന ടീമിനൊപ്പമുള്ള ഫോട്ടോക്കൊപ്പം താന്‍ എത്താന്‍ വൈകുമെന്നും അതുകൊണ്ട് ക്ഷമിക്കണമെന്നും കുടുംബത്തോട് പറയുന്നതായിട്ടായിരുന്നു ജോര്‍ഡ് മാര്‍ജിന്റെ ട്വീറ്റ്. എന്നാല്‍ അത് കുഴപ്പമില്ലെന്നും ഇവിടെയുള്ള കോടിക്കണക്കിന് കുടുംബക്കാര്‍ക്ക് വേണ്ടി സ്വര്‍ണ്ണവും കൊണ്ട് തിരിച്ചുവന്നാല്‍ മതി എന്നാണ് ജോര്‍ഡ് മാര്‍ജിന്റെ ട്വീറ്റിന് ഷാരൂഖ് ഖാന്‍ മറുപടി നല്‍കിയത്.

മുന്‍ കോച്ചായ കബീര്‍ ഖാന്‍ ആണ് പറയുന്നതെന്നും ഷാരൂഖ് തന്റെ ട്വീറ്റില്‍ കുറിച്ചു. ചക്ക് ദേ ഇന്ത്യയില്‍ കബീര്‍ ഖാന്‍ എന്ന കോച്ചിനെയാണ് ഷാരൂഖ് അവതരിപ്പിച്ചിരുന്നത്.

ഷാരൂഖിന്റെ ഈ ട്വീറ്റിന് ജോര്‍ഡ് മാര്‍ജിന്‍ വീണ്ടും മറുപടി നല്‍കുകയായിരുന്നു.
‘എല്ലാ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഞങ്ങള്‍ എല്ലാം കൊണ്ടുവരും. എന്ന് യഥാര്‍ത്ഥ കോച്ച്,’ ഇതായിരുന്നു ജോര്‍ഡ് മാര്‍ജിന്‍ തന്റെ ട്വീറ്റില്‍ പറഞ്ഞത്.

മൂന്ന് തവണ ജേതാക്കളായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്‌സില്‍ ആദ്യമായി സെമി ഫൈനലില്‍ കടന്നത്. റാങ്കിങ്ങില്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയയെയാണ് പത്താം സ്ഥാനക്കാരായ ഇന്ത്യ മലര്‍ത്തിയടിച്ചത്. സെമിയില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്‍. 22-ാം മിനിറ്റില്‍ തന്റെ ആദ്യ ഒളിമ്പിക് ഗോള്‍ നേടിയ ഗുര്‍ജിത് കൗര്‍ ആണ് ഇന്ത്യയുടെ വിജയശില്‍പിയായി മാറിയത്. ഇന്ത്യന്‍ ഗോള്‍വല കാത്ത് സവിത പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച് പൂള്‍ ബിയില്‍ ചാംപ്യന്‍മാരായാണ് ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍ എത്തിയത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിന് മുന്നില്‍ ഒരു ഗോള്‍ വഴങ്ങിയത് ഒഴിച്ചാല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയായിരുന്നു ഓസ്‌ട്രേലിയയുടെ പ്രയാണം. ഈ കുതിപ്പിനാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ടീം അന്ത്യം കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shah Rukh Khans tweet to real coach
We use cookies to give you the best possible experience. Learn more