|

മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ഹൈടെക്, ജനാധിപത്യ രീതിയുമായി രാഹുല്‍ഗാന്ധി; ഏഴര ലക്ഷം പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട് അഭിപ്രായം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനായി മൂന്ന് സ്ഥലങ്ങളിലെയും 7.3 ലക്ഷം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട് അഭിപ്രായം തേടാന്‍ അത്യാധുനിക സംവിധാനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

പ്രവര്‍ത്തകര്‍ക്ക് ഓഡിയോ സന്ദേശങ്ങളയക്കുകയും അതിനോട് പ്രതികരിക്കാനാവശ്യപ്പെടുകയും ചെയ്യുകയാണ് രാഹുല്‍ ചെയ്യുന്നത്. ഇപ്രകാരമാണ് സന്ദേശം. “”ഇപ്പോള്‍ ഒരു മര്‍മ്മ പ്രധാനമായ ചോദ്യം ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്: ആരാവണം മുഖ്യമന്ത്രി ? ഒരാളുടെ പേര് മാത്രം പറയുക. നിങ്ങള്‍ പറയുന്നത് ഞാന്‍ മാത്രമേ കേള്‍ക്കുകയുള്ളൂ. പാര്‍ട്ടിയില്‍ മറ്റാരും അറിയില്ല. ബീപ് ശബ്ദത്തിന് ശേഷം മറുപടി നല്‍കൂ. ”

കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ പ്രവര്‍ത്തകരുടെ ആഗ്രഹത്തിനനുസരിച്ച് തന്നെ നേതൃത്വത്തെ തീരുമാനിക്കണമെന്നുള്ളത് കൊണ്ടാണ് രഹസ്യ ബാലറ്റ് മാതൃകയില്‍ മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് നിലവില്‍ എവിടെയും മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. രാജസ്ഥാനില്‍, സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ് പരിഗണനയിലുള്ളത്. ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍, ടി.എസ് സിങ് ദിയോ, തംരദ്ധ്വാജ് സാഹു എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

Video Stories