| Thursday, 2nd January 2020, 8:32 am

ജെ.ഡി.യു കേന്ദ്ര മന്ത്രിസഭയിലേക്ക്? ബിഹാറിലെ പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പി; മന്ത്രിമാരാകാന്‍ ഇവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബിഹാറില്‍ ജെ.ഡി.യുവുമായി അനുരഞ്ജനത്തിലെത്താന്‍ പുതിയ നീക്കവുമായി ബി.ജെ.പി. ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായി ബി.ജെ.പി നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സുപ്രധാന വിവരങ്ങളാണു പുറത്തുവരുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ ജെ.ഡി.യുവും ഭാഗമാകുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടത്.

മുതിര്‍ന്ന ജെ.ഡി.യു നേതാക്കളായ രാജീവ് രഞ്ജന്‍ സിങ്ങിനും രാം ചന്ദ്ര പ്രസാദ് സിങ്ങിനും കേന്ദ്രമന്ത്രി പദവി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രി അധികം വൈകാതെ മന്ത്രിസഭാ വിപുലീകരണം നടത്തുന്നുണ്ട്. അതിലാവും ഇവരെയും ഉള്‍പ്പെടുത്തുക.

എന്നാല്‍ ബിഹാറിലെ ഭൂമിഹാര്‍ സമുദായത്തില്‍ നിന്നുള്ള ഗിരിരാജ് സിങ് കേന്ദ്രമന്ത്രിയായിരിക്കെ, അതേ സമുദായത്തില്‍ നിന്നുള്ള രഞ്ജന്‍ സിങ്ങിനും മന്ത്രി പദവി കൊടുക്കുന്നതില്‍ ബി.ജെ.പി അതൃപ്തി അറിയിച്ചിട്ടുണ്ട്. രഞ്ജനു പകരം മറ്റൊരാളെ ജെ.ഡി.യു കണ്ടെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തവര്‍ഷം ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ.ഡി.യു-ബി.ജെ.പി ബന്ധത്തിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ബിഹാറില്‍ ത്രികോണ മത്സരത്തിനു താത്പര്യമില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

എന്‍.ആര്‍.സിക്കെതിരെ ജെ.ഡി.യു സ്വീകരിച്ചിരിക്കുന്ന നിലപാടും അതിനു പിന്നാലെ മോദിസര്‍ക്കാരിനെതിരെ ജെ.ഡി.യു ഉപാധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ നടത്തുന്ന പ്രസ്താവനകളുമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദിയുമായുള്ള പ്രശാന്തിന്റെ വാക്കുതര്‍ക്കങ്ങളും സഖ്യം പിളരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടാക്കിയിരുന്നു. സുശീല്‍ സാഹചര്യങ്ങള്‍ കൊണ്ടു മാത്രം ഉപമുഖ്യമന്ത്രിയായ വ്യക്തിയാണെന്നായിരുന്നു പ്രശാന്തിന്റെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ ബി.ജെ.പി നേതാക്കള്‍ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം നല്‍കുന്നതോടുകൂടി ഈ പ്രശ്‌നങ്ങളും പരിഹരിച്ചിരിക്കാം എന്നുള്ള വിലയിരുത്തലുകളാണു രാഷ്ട്രീയ വൃത്തങ്ങള്‍ നടത്തുന്നത്.

We use cookies to give you the best possible experience. Learn more