ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ചെറുവള്ളങ്ങള്‍ വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. യു.കെയിലെ അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച് ബ്രിട്ടന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മൊത്തം 683 ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം മാത്രം കുടിയേറിയത്.
എന്നാല്‍ ഇത് 2021ല്‍ 67ഉം 2020ല്‍ 64മായിരുന്നു.
ബ്രിട്ടന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 400 ഇന്ത്യന്‍ പൗരന്മാരാണ് വേണ്ടത്ര രേഖകളില്ലാതെ കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയവരില്‍ ഭൂരിഭാഗവും 25-40 വയസിനുള്ളിലുള്ളവരാണ്.
മൊത്തം കുടിയേറിയ 45,755 ആളുകളില്‍ അല്‍ബേനിയ, അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് കൂടുതലും. ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലുള്ളവരാണ് മറ്റ് കുടിയേറ്റക്കാര്‍.
എന്നാല്‍ ഇത്തരം യാത്രകളില്‍ കടത്തുകാര്‍ ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചെറുവള്ളങ്ങളിലൂടെയുള്ള യാത്രയില്‍ നിരവധി പേര്‍ മരണപ്പെട്ടിട്ടുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം നിയമസഭയില്‍ അനധികൃത കുടിയേറ്റ ബില്‍ അവതരിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവെര്‍മാന്‍ ആണ് ബില്‍ അവതരിപ്പിച്ചത്. അനധികൃതമായ മാര്‍ഗങ്ങളിലൂടെ യു.കെയിലെത്തുന്നവരെ തടയാനുള്ള നിര്‍ദ്ദേശങ്ങളാണ് ബില്‍ മുന്നോട്ടുവെക്കുന്നത്.
മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന് കീഴില്‍ ബ്രിട്ടന് ഇന്ത്യയുമായി ഒരു ഉടമ്പടിയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ അനധികൃതമായി യു.കെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ രാജ്യത്ത് അഭയം തേടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാജമായ മനുഷ്യാവകാശ വാദങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്നും ഇവരെ രാജ്യത്തു നിന്നും ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് അനധികൃതമായി കുടിയേറുന്നവര്‍ക്ക് രാജ്യത്തെ ആധുനിക അടിമത്ത സംരക്ഷണ നയങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. ഇത്തരക്കാര്‍ക്ക് മനുഷ്യാവകാശ വാദങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് തുടരാനും സാധിക്കില്ല. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ രാജ്യത്തു നിന്നും എന്നെന്നേക്കുമായി ബഹിഷ്‌ക്കരിക്കും. അല്ലെങ്കില്‍ അവരുടെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കുകയോ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ ചെയ്യും,’ ഋഷി സുനക് പറഞ്ഞു.
അനധികൃതമായി യു.കെയിലെത്തുന്നവര്‍ ചെയ്യുന്നത് നിയമപരമായി രാജ്യത്തേക്ക് കടന്നുവരുന്നവരോട് ചെയ്യുന്ന അനീതിയാണെന്നും ഋഷി സുനക് പറഞ്ഞു. അനധികൃത ക്രോസിങ്ങുകള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായും എന്നാല്‍ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
content highlight: to Britain by small boat; There is an increase in the number of people migrating from India