'ഞാന്‍ പിന്‍വാങ്ങുന്നു, പുതിയ അധ്യക്ഷനെ നിങ്ങള്‍ക്ക് തീരുമാനിക്കാം'; നിലപാടില്‍ ഉറച്ച് സോണിയ, രാഹുല്‍ നേതൃസ്ഥാനത്ത് വരണമെന്ന് മന്‍മോഹന്‍ സിങ്ങും ആന്റണിയും
India
'ഞാന്‍ പിന്‍വാങ്ങുന്നു, പുതിയ അധ്യക്ഷനെ നിങ്ങള്‍ക്ക് തീരുമാനിക്കാം'; നിലപാടില്‍ ഉറച്ച് സോണിയ, രാഹുല്‍ നേതൃസ്ഥാനത്ത് വരണമെന്ന് മന്‍മോഹന്‍ സിങ്ങും ആന്റണിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2020, 12:47 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തുപോകാന്‍ തന്നെ അനുവദിക്കണമെന്ന് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ നിലപാട് പരസ്യമാക്കിയത്.

എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരണമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും ആവശ്യപ്പെട്ടത്.

അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു സോണിയ യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ സംസാരിച്ച എ.കെ ആന്റണി സോണിയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തണമെന്ന് നിലപാടെടുത്തു.

എന്നാല്‍ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നെന്നും നേതാക്കള്‍ എല്ലാവരും കൂടിയിരുന്ന് പുതിയൊരു അധ്യക്ഷനെ കണ്ടെത്തണമെന്നുമായിരുന്നു സോണിയ തുടര്‍ന്ന് പറഞ്ഞത്.

ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുകയാണെന്ന് അറിയിച്ച് സോണിയ അയച്ച കത്ത് യോഗത്തില്‍ കെ.സി വേണുഗോപാല്‍ വായിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസില്‍ എത്രയും പെട്ടെന്ന് നേതൃമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ട് 23 പേര്‍ കത്തയച്ചതിനെതിരെ നേതാക്കളായ കെ.സി വേണുഗോപാല്‍ എ.കെ ആന്റണി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്തെത്തി.

അമ്മയ്ക്ക് സുഖമില്ലാതായ അവസരത്തില്‍ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച കത്ത് അയച്ചതിനെയായിരുന്നു രാഹുല്‍ ചോദ്യം ചെയ്തത്.

രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി പ്രതിസന്ധികള്‍ നേരിടുന്ന അവസരമായിരുന്നു. ആ അവസരത്തിലാണ് അമ്മയ്ക്ക് സുഖമില്ലാതായത്. അപ്പോള്‍ തന്നെ ഈ കത്ത് അയച്ചത് എന്തിനായിരുന്നു എന്നാണ് രാഹുല്‍ ചോദിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ഉന്നത നേതൃത്വത്തിനോട് തിരുത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 പേര്‍ രംഗത്തു വന്നത്.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്.

പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂര്‍ണസമയ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയിലെ ഒരുപക്ഷത്തിനിടയില്‍ അതൃപ്തിക്കിടയാക്കിയിരുന്നു.

നേതൃ മാറ്റം ആവശ്യപ്പെടുമ്പോഴും രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരണമെന്നാണ് ഭൂരിഭാഗവും പറയുന്നത്. ഇക്കാര്യത്തില്‍ പല നേതാക്കളും രാഹുല്‍ തിരിച്ചുവരണമെന്ന അഭിപ്രായം തുറന്നു പറയുകയും ചെയ്തു. രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍ മാത്രമേ പുറത്തുനിന്നും ഒരാള്‍ വരേണ്ടതുള്ളൂവെന്നും അഭിപ്രായമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; to begin deliberations towards the process of transition to relieve her from the duty of party president sonia