| Friday, 17th May 2013, 9:35 am

ഐ.പി.എല്‍ കച്ചവടം മാത്രം: കളി നിരോധിക്കണമെന്ന് ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.പി.എല്‍ ഒരു കായിക വിനോദമല്ലെന്നും വെറും കച്ചവടം മാത്രമാണെന്നും ജെ.ഡി.യു അധ്യക്ഷന്‍ ശരദ് യാദവ്.  വളരെ തുടക്കം മുതല്‍ക്ക് തന്നെ ഐ.പി.എല്ലിന്റെ ലക്ഷ്യം പണം മാത്രമായിരുന്നെ്‌നും ശരദ് യാദവ് കുറ്റപ്പെടുത്തി.[]

സ്‌പോട് ഫിക്‌സിംഗ് വിവാദത്തില്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്തും രണ്ട് സഹതാരങ്ങളും അറസ്റ്റിലായ സാഹചര്യത്തില്‍ അഴിമതിയില്‍ മുങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിരോധിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടു. []

ഐപിഎല്‍ വന്നപ്പോള്‍ മുതല്‍ നിയമവിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ശരദ് യാദവ് കുറ്റപ്പെടുത്തി. ഐ.പി.എല്‍ പണത്തിന്റെ വിനിമയം മാത്രമാണ്.

ഇവിടെ മനുഷ്യര്‍ ലേലത്തിനു വില്‍ക്കപ്പെടുകയാണ്. ലേലത്തിനെടുക്കുന്നതോടെ അയാളുടെ മൂല്യങ്ങളും വില്‍ക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒത്തുകളിക്കാനായി വാതുവെയ്പുകാരില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ അറസ്റ്റിലായ അങ്കിത് ചവാന്‍ കുറ്റം സമ്മതിച്ചു. ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യംചെയ്യലിനിടെ സുഹൃത്തായ ജിജുവാണ് തന്നെ ഒത്തുകളി വിവാദത്തില്‍ കുടുക്കിയതെന്ന് ശ്രീശാന്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

താന്‍ നിരപരാധിയാണ്. ജിജു വഴിയായിരിക്കാം വാതുവെയ്പുകാര്‍ എത്തിയത്. ഒത്തുകളിയെക്കുറിച്ച് ജിജുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

We use cookies to give you the best possible experience. Learn more