| Saturday, 14th March 2020, 9:19 am

മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; ഹരിയാനയില്‍ ഹൂഡയെ പിണക്കാതിരിക്കാന്‍ തീരുമാനം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പാഠങ്ങളില്‍നിന്നും പഠിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്. ഹരിയാനയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപിന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെള്ളിയാഴ്ച തീരുമാനിച്ചു.

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തയും സംസ്ഥാനാധ്യക്ഷയുമായ കുമാരി സെല്‍ജയെയാവും പരിഗണിക്കുക എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യസഭാ എം.പിയായ സെല്‍ജ വീണ്ടും പരിഗണിക്കപ്പെടുമെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലുമുണ്ടായിരുന്ന ധാരണ.

എന്നാല്‍ മധ്യപ്രദേശില്‍ നടന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനെ പുനരാലോചനയിലേക്ക് നയിച്ചതെന്നാണ് സൂചന. സിന്ധ്യയുടെ രാജിയും ബി.ജെ.പിയിലേക്കുള്ള പോക്കും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി വൈകിയാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്.

സിന്ധ്യയുടെ രാജിക്ക് പിന്നാലെ ഹൂഡയുടെ കാര്യത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് ആലോചനകള്‍ മാറ്റുന്നത്. സിന്ധ്യയ്ക്ക് മാത്രമല്ല നേതൃത്വത്തോട് വിയോജിപ്പുള്ളതെന്ന കുല്‍ദീപ് ബിഷ്‌ണോയിയുടെ മുന്നറിയിപ്പും പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്.

ഹരിയാന രാഷ്ട്രീയത്തില്‍ ഹൂഡയെ പിണക്കിയാല്‍ കോണ്‍ഗ്രസിന് തന്നെയാവും തിരിച്ചടി. അതുകൊണ്ടാണ് മറ്റൊരാളുടെ പേര് ഉയരുന്നതിന് മുമ്പേ പാര്‍ട്ടി ദീപേന്ദറിനെ തെരഞ്ഞെടുത്തത്. അച്ഛന്‍-മകന്‍ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനത്ത ഭൂരിപക്ഷം എം.എല്‍.എമാരുടെയും അഭിപ്രായത്തിന് വഴങ്ങുകയായിരുന്നു കോണ്‍ഗ്രസ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധികള്‍ക്കിടയില്‍ ഭൂപീന്ദര്‍ സിങ് നടത്തിയ രാഷ്ട്രീയ മെയ് വഴക്കമാവും എം.എല്‍.എമാരുടെ ഈ താല്‍പര്യത്തിന് പിന്നില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more