| Tuesday, 6th August 2024, 8:36 am

ഇതാ അശ്വിന്റെ ആരും കാണാത്ത മുഖം! കപ്പെടുത്ത ശേഷം സഹതാരങ്ങളെ പോലും ഞെട്ടിച്ച പ്രകടനം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് 2024ല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലൈക കോവൈ കിങ്‌സിനെ പരാജയപ്പെടുത്തി ആര്‍. അശ്വിന്‍ നയിച്ച ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് കപ്പുയര്‍ത്തിയിരുന്നു. ടി.എന്‍.പി.എല്ലില്‍ ഡ്രാഗണ്‍സിന്റെ കന്നി കിരീടമാണിത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ അശ്വിന്‍ നോക്ക് ഔട്ട് ഘട്ടത്തിലും തകര്‍ത്തടിച്ചിരുന്നു. എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടിയാണ് അശ്വിന്‍ ഡ്രാഗണ്‍സ് നിരയില്‍ നിര്‍ണായകമായത്.

മറ്റെവിടെയും കാണാന്‍ പറ്റാത്ത അശ്വിനെയാണ് ടി.എന്‍.പി.എല്ലില്‍ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. സ്പിന്നറില്‍ നിന്ന് മീഡിയം പേസറായും മിഡില്‍ ഓര്‍ഡര്‍ ബാറ്ററില്‍ നിന്ന് ഓപ്പണറുടെ റോളിലേക്കുമെല്ലാം ചുവടുമാറ്റുന്ന അശ്വിന്‍ ടി.എന്‍.പി.എല്ലിലെ സ്ഥിരം കാഴ്ചയാണ്. ഇതുവരെ കാണാത്ത ബൗളിങ് ആക്ഷനും അശ്വിന്‍ ടി.എന്‍.പി.എല്ലില്‍ പരീക്ഷിക്കാറുണ്ട്.

അത്തരത്തില്‍ ആരാധകര്‍ അധികമൊന്നും കാണാത്ത അല്ലെങ്കില്‍ ഇതുവരെ കാണാത്ത അശ്വിനെയാണ് കന്നിക്കിരീടത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം കാണുന്നത്. കിരീടനേട്ടത്തിന് പിന്നാലെ മനസുനിറഞ്ഞ് നൃത്തം ചെയ്യുന്ന അശ്വിനാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച വിഷയം.

ഡ്രസ്സിങ് റൂമില്‍ തന്റെ സഹതാരങ്ങള്‍ക്കൊപ്പം ഡപ്പാംകൂത്തുമായി വിജയമാഘോഷിക്കുന്ന അശ്വിന്റെ വീഡിയോ ആരാധകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, ഫൈനലില്‍ ആറ് വിക്കറ്റിനാണ് ഡ്രാഗണ്‍സ് വിജയിച്ചുകയറിയത്. ലൈക കോവൈ കിങ്സ് ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെ ഡ്രാഗണ്‍സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ അശ്വിന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാമതായി നോക്ക് ഔട്ടിന് യോഗ്യത നേടുകയും ആദ്യ ക്വാളിഫയറില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെ തകര്‍ത്തെറിയുകയും ചെയ്ത കോവൈ കിങ്സിന് എന്നാല്‍ ഫൈനലില്‍ ഡ്രാഗണ്‍സിനെതിരെ പിഴച്ചു. അശ്വിന്‍ എന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ കണക്കുകൂട്ടലുകളില്‍ ഷാരൂഖ് ഖാനും ടീനും പതറി.

മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡ്രാഗണ്‍സ് എതിരാളികളുടെ മൊമെന്റം നഷ്ടപ്പെടുത്തി. വലിയ സ്‌കോര്‍ പടുത്തയര്‍ത്താനോ കൂട്ടുകെട്ട് സൃഷ്ടിക്കാനോ അനുവദിക്കാതെ അശ്വിന്റെ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയപ്പോള്‍ കോവൈ കിങ്സ് സ്‌കോര്‍ ബോര്‍ഡിന്റെ വേഗവും കുറഞ്ഞു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കിങ്സ് 129എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഡ്രാഗണ്‍സിനായി വിഗ്‌നേഷ് പുത്തൂര്‍, സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുഭേത് ഭാട്ടിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

130 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡ്രാഗണ്‍സിന് തുടക്കം പാളിയിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായിരുന്നു. എന്നാല്‍ നോക്ക് ഔട്ട് മുതല്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വെടിക്കെട്ട് നടത്തിയ അശ്വിന്‍ ഫൈനലിലും നിരാശനാക്കിയില്ല.

വിക്കറ്റ് കീപ്പര്‍ ബാബ ഇന്ദ്രജിത്തിനെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അശ്വിന്‍ 46 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 32 റണ്‍സ് നേടിയാണ് ഇന്ദ്രജിത്ത് മടങ്ങിയത്.

Content Highlight: TNPL 2024:  R Ashwin’s dance video goes viral

We use cookies to give you the best possible experience. Learn more