| Saturday, 3rd August 2024, 2:58 pm

ഈ അടി കുറച്ച് മുമ്പായിരുന്നെങ്കില്‍ ഉറപ്പായും ലോകകപ്പ് ടീമില്‍ കണ്ടേനെ; 230.00ല്‍ തീതുപ്പി ഡിണ്ടിഗലിന്റെ ഡ്രാഗണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് 2024ന്റെ ഫൈനലില്‍ പ്രവേശിച്ച് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന രണ്ടാം ക്വാളിഫറില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ഫൈനലിന് ടിക്കറ്റെടുത്തത്.

തിരുപ്പൂര്‍ ഉയര്‍ത്തിയ 109 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ആര്‍. അശ്വിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസം മറികടക്കുകയായിരുന്നു. 55 പന്ത് ബാക്കി നില്‍ക്കവെയാണ് അശ്വിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ഡ്രാഗണ്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ അനുവദക്കാതെ ഡ്രാഗണ്‍സ് ബൗളര്‍മാര്‍ കളമറിഞ്ഞ് വിളയാടിയപ്പോള്‍ തമിഴന്‍സ് കളി മറന്നു.

ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയില്‍ നിന്നും 38ന് അഞ്ച് എന്ന നിലയിലേക്കുള്ള തിരുപ്പൂരിന്റെ പതനം അതിവേഗത്തിലായിരുന്നു.

എന്നാല്‍ ആറാം വിക്കറ്റില്‍ എസ്. ഗണേഷും ഇംപാക്ട് പ്ലെയറായി എത്തിയ മാന്‍ ബാഫ്‌നയും ചേര്‍ന്ന് ഒരു തിരിച്ചടിക്ക് ശ്രമിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന സ്വന്തമാക്കിയ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് തിരുപ്പൂരിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ ബാഫ്‌നയെ പുറത്താക്കി വിഗ്നേഷ് പുത്തൂരാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 16 പന്തില്‍ 17 റണ്‍സ് നേടിയ ഗണേഷിന്റെ വിക്കറ്റും ടീമിന് നഷ്ടമായി.

ഒമ്പതാം നമ്പറില്‍ ക്രീസിലെത്തി 14 പന്തില്‍ 14 റണ്‍സ് നേടിയ രാമലിംഗം രോഹിത്താണ് തിരുപ്പൂര്‍ സ്‌കോര്‍ 100 കടത്തിയത്.

ഒടുവില്‍ 19.4 ഓവറില്‍ തിരുപ്പൂര്‍ തമിഴന്‍സ് 108ന് പുറത്തായി.

ഡിണ്ടിഗലിനായി വിഗ്നേഷ് പുത്തൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും സുഭോത് ഭാട്ടിയും രണ്ട് വിക്കറ്റ് വീതവും നേടി. സന്ദീപ് വാര്യരും അശ്വിനുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

എലിമിനേറ്ററില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വണ്‍ ഡൗണായി ഇറങ്ങിയ അശ്വിന്‍ ഇത്തവണ ഓപ്പണറായാണ് കളത്തിലെത്തിയത്. ആദ്യ വിക്കറ്റില്‍ തന്നെ രാമചന്ദ്രന്‍ വിമല്‍കുമാറിനെ ഒപ്പം കൂട്ടി വെടിക്കെട്ട് തുടങ്ങിയ അശ്വിന്‍ തിരുപ്പൂരിന് മത്സരത്തിന്റെ ഒരു വേള പോലും മുന്‍തൂക്കം നല്‍കാതെ ആക്രമിച്ചുകൊണ്ടേയിരുന്നു.

ടീം സ്‌കോര്‍ 81ല്‍ നില്‍ക്കവെ 27 പന്തില്‍ 28 റണ്‍സ് നേടിയ വിമല്‍ കുമാര്‍ പുറത്തായി. പി. ഭുവനേശ്വരനാണ് വിക്കറ്റ് നേടിയത്.

വണ്‍ ഡൗണായി ബാബ ഇന്ദ്രജിത്താണ് കളത്തിലെത്തിയത്. ഒരുവശത്ത് അശ്വിന്‍ സ്റ്റോം ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു ഇന്ദ്രജിത്തിനുണ്ടായിരുന്നത്.

ഒടുവില്‍ 11ാം ഓവറില്‍ പി. ഭുവനേശ്വരനെ ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി അശ്വിന്‍ ഡ്രാഗണ്‍സിനെ ഫൈനലിലെത്തിച്ചു.

30 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് അശ്വിന്‍ അടിച്ചുകൂട്ടിയത്. 11 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 230.00 സ്‌ട്രൈക്ക് റേറ്റിലാണ് അശ്വിന്റെ വെടിക്കെട്ട്. മറുവശത്ത് ഇന്ദ്രജിത്ത് എട്ട് പന്ത് നേരിട്ട് എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ഞായറാഴ്ചയാണ് ടി.എന്‍.പി.എല്ലിന്റെ ഫൈനല്‍ മത്സരം. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലൈക കോവൈ കിങ്‌സാണ് എതിരാളികള്‍.

Content highlight: TNPL 2024: R Ashwin leads Dindigul Dragons to the finals

We use cookies to give you the best possible experience. Learn more