തമിഴ്‌നാട് പ്രീമിയര്‍ ലീഗ് 2024ന്റെ ഫൈനലില്‍ പ്രവേശിച്ച് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന രണ്ടാം ക്വാളിഫറില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ഫൈനലിന് ടിക്കറ്റെടുത്തത്.
നേരത്തെ എലിമിനേറ്ററില്‍ ചെപ്പോക് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തിയാണ് അശ്വിനും സംഘവും രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ശേഷം രണ്ടാം ക്വാളിഫയറില്‍ തിരൂപ്പൂരിനെയും കീഴ്‌പ്പെടുത്തി ഡ്രാഗണ്‍സ് മുമ്പോട്ട് കുതിച്ചു.
We’re heading to the finale, get ready for the ultimate showdown! 🔥🐉#DindigulDragons #IdhuNeruppuDa #TNPL2024 pic.twitter.com/1E4GpyjEg9
— Dindigul Dragons (@DindigulDragons) August 2, 2024
തിരുപ്പൂര്‍ ഉയര്‍ത്തിയ 109 റണ്‍സിന്റെ വിജയലക്ഷ്യം അശ്വിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസം മറികടക്കുകയായിരുന്നു. 55 പന്ത് ബാക്കി നില്‍ക്കവെയാണ് അശ്വിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ഐ.പി.എല്‍ 2024ല്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടമാണ് ഇപ്പോള്‍ അശ്വിന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. എലിമിനേറ്റര്‍ കളിച്ചുകൊണ്ട് ഫൈനലിന് യോഗ്യത നേടിയ ക്യാപ്റ്റനെന്ന നേട്ടമാണ് അശ്വിന്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഐ.പി.എല്‍ 2024ല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ റോയല്‍സും സഞ്ജു സാംസണും പ്ലേ ഓഫില്‍ പ്രവേശിച്ചത്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് എലിമിനേറ്റര്‍ കളിച്ച ഒരു ടീം കിരീടത്തില്‍ മുത്തമിട്ടത്. 2016ല്‍ ഡേവിഡ് വാര്‍ണറിന്റെ നേതൃത്വത്തിലെത്തിയ സണ്‍റൈസേഴ്‌സിന് മാത്രമാണ് ഈ നേട്ടം അവകാശപ്പെടാനുള്ളത്.
മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിച്ച സണ്‍റൈസേഴ്‌സ് എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് മുമ്പോട്ട് കുതിച്ചത്. രണ്ടാം ക്വാളിഫയറില്‍ സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിനെതിരെ വിജയം സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി കപ്പുയര്‍ത്തി.
2016ലെ ഡേവിഡ് വാര്‍ണറിന്റെ നേട്ടം ആവര്‍ത്തിക്കാനാണ് ഇപ്പോള്‍ അശ്വിന്‍ ഒരുങ്ങുന്നത്. ഞായറാഴ്ച ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലൈക കോവൈ കിങ്‌സാണ് എതിരാളികള്‍.
അതേസമയം, തിരുപ്പൂരിനെതിരെ നടന്ന രണ്ടാം ക്വാളിഫയറില്‍ ടോസ് നേടിയ ഡ്രാഗണ്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
തൊട്ടതെല്ലാം പിഴച്ച തിരുപ്പൂരിന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ സാധിച്ചില്ല. ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയില്‍ നിന്നും 38ന് അഞ്ച് എന്ന നിലയിലേക്കുള്ള തിരുപ്പൂരിന്റെ പതനം അതിവേഗത്തിലായിരുന്നു.
Victory is ours, and so is the finale ticket! 🔥🐉#DindigulDragons #IdhuNeruppuDa #TNPL2024 pic.twitter.com/dINr55jzvG
— Dindigul Dragons (@DindigulDragons) August 2, 2024
എന്നാല്‍ ആറാം വിക്കറ്റില്‍ എസ്. ഗണേഷും ഇംപാക്ട് പ്ലെയറായി എത്തിയ മാന്‍ ബാഫ്‌നയും ചേര്‍ന്ന് ഒരു തിരിച്ചടിക്ക് ശ്രമിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന സ്വന്തമാക്കിയ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് തിരുപ്പൂരിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ ബാഫ്‌നയെ പുറത്താക്കി വിഗ്നേഷ് പുത്തൂരാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 16 പന്തില്‍ 17 റണ്‍സ് നേടിയ ഗണേഷിന്റെ വിക്കറ്റും ടീമിന് നഷ്ടമായി.
ഒടുവില്‍ 19.4 ഓവറില്‍ തിരുപ്പൂര്‍ തമിഴന്‍സ് 108ന് പുറത്തായി.
ഡിണ്ടിഗലിനായി വിഗ്നേഷ് പുത്തൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും സുഭോത് ഭാട്ടിയും രണ്ട് വിക്കറ്റ് വീതവും നേടി. സന്ദീപ് വാര്യരും അശ്വിനുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
Dominating the pitch! Our Dragon bowler shines with a 3/8 performance! 🔥🐉#DindigulDragons #IdhuNeruppuDa #TNPL2024 pic.twitter.com/WyVzUzqdE3
— Dindigul Dragons (@DindigulDragons) August 2, 2024
എലിമിനേറ്ററില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വണ്‍ ഡൗണായി ഇറങ്ങിയ അശ്വിന്‍ ഇത്തവണ ഓപ്പണറായാണ് കളത്തിലെത്തിയത്. ആദ്യ വിക്കറ്റില്‍ തന്നെ രാമചന്ദ്രന്‍ വിമല്‍കുമാറിനെ ഒപ്പം കൂട്ടി വെടിക്കെട്ട് തുടങ്ങിയ അശ്വിന്‍ തിരുപ്പൂരിന് മത്സരത്തിന്റെ ഒരു വേള പോലും മുന്‍തൂക്കം നല്‍കാതെ ആക്രമിച്ചുകൊണ്ടേയിരുന്നു.
ടീം സ്‌കോര്‍ 81ല്‍ നില്‍ക്കവെ 27 പന്തില്‍ 28 റണ്‍സ് നേടിയ വിമല്‍ കുമാര്‍ പുറത്തായി. പി. ഭുവനേശ്വരനാണ് വിക്കറ്റ് നേടിയത്.
മൂന്നാം നമ്പറില്‍ ബാബ ഇന്ദ്രജിത്താണ് കളത്തിലെത്തിയത്. ഒരുവശത്ത് അശ്വിന്‍ സ്റ്റോം ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു ഇന്ദ്രജിത്തിനുണ്ടായിരുന്നത്.
Captain’s brilliance continues with consecutive fifties! 🔥🐉#DindigulDragons #IdhuNeruppuDa #TNPL2024 pic.twitter.com/bheai0Fvo9
— Dindigul Dragons (@DindigulDragons) August 2, 2024
ഒടുവില്‍ 11ാം ഓവറില്‍ പി. ഭുവനേശ്വരനെ ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി അശ്വിന്‍ ഡ്രാഗണ്‍സിനെ ഫൈനലിലെത്തിച്ചു.
30 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് അശ്വിന്‍ അടിച്ചുകൂട്ടിയത്. 11 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 230.00 സ്‌ട്രൈക്ക് റേറ്റിലാണ് അശ്വിന്റെ വെടിക്കെട്ട്. മറുവശത്ത് ഇന്ദ്രജിത്ത് എട്ട് പന്ത് നേരിട്ട് എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
Content Highlight: TNPL 2024: Dindigul Dragons to play final against Lyca Kovai Kings