| Monday, 5th August 2024, 9:20 am

എന്തൊരു അടിയാണ് ഐസ് കൂള്‍ അശ്വിനേ... ഫൈനലില്‍ വല്ലാത്തൊരു ഹാട്രിക്; കിരീടമണിഞ്ഞ് ഡ്രാഗണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കിരീടമണിഞ്ഞ് ആര്‍. അശ്വിന്റെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലൈക കോവൈ കിങ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഡ്രാഗണ്‍സ് കിരീടം സ്വന്തമാക്കിയത്.

കിങ്‌സ് ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെ ഡ്രാഗണ്‍സ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആര്‍. അശ്വിനിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഡ്രാഗണ്‍സ് കപ്പുയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ അശ്വിന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാമതായി നോക്ക് ഔട്ടിന് യോഗ്യത നേടുകയും ആദ്യ ക്വാളിഫയറില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെ തകര്‍ത്തെറിയുകയും ചെയ്ത കോവൈ കിങ്‌സിന് എന്നാല്‍ ഫൈനലില്‍ ഡ്രാഗണ്‍സിനെതിരെ പിഴച്ചു. അശ്വിന്‍ എന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ കണക്കുകൂട്ടലുകളില്‍ ഷാരൂഖ് ഖാനും ടീനും പതറി.

മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡ്രാഗണ്‍സ് എതിരാളികളുടെ മൊമെന്റം നഷ്ടപ്പെടുത്തി. വലിയ സ്‌കോര്‍ പടുത്തയര്‍ത്താനോ കൂട്ടുകെട്ട് സൃഷ്ടിക്കാനോ അനുവദിക്കാതെ അശ്വിന്റെ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയപ്പോള്‍ കോവൈ കിങ്‌സ് സ്‌കോര്‍ ബോര്‍ഡിന്റെ വേഗവും കുറഞ്ഞു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കിങ്‌സ് 129 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

26 റണ്‍സ് നേടിയ റാം അരവിന്ദാണ് കോവൈ നിരയിലെ ടോപ് സ്‌കോറര്‍. 17 പന്തില്‍ 25 റണ്‍സ് നേടിയ ആതീഖ് ഉര്‍ റഹ്‌മാനും 12 പന്തില്‍ 22 റണ്‍സടിച്ച എസ്. സുജയ്‌യും ടോട്ടലിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

ഡ്രാഗണ്‍സിനായി വിഗ്നേഷ് പുത്തൂര്‍, സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുഭേത് ഭാട്ടിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. നാല് ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ വെറും 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

130 എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡ്രാഗണ്‍സിന് ആദ്യ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ ശിവം സിങ് മൂന്ന് പന്തില്‍ നാല് റണ്‍സും രവിചന്ദ്രന്‍ വിമല്‍കുമാര്‍ എട്ട് പന്തില്‍ ഒമ്പത് റണ്‍സും നേടി മടങ്ങി.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ അശ്വിന്‍ തന്നെ കളത്തിലിറങ്ങി. നോക്ക് ഔട്ട് മുതല്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വെടിക്കെട്ട് നടത്തിയ അശ്വിന്‍ ഫൈനലിലും നിരാശനാക്കിയില്ല.

ആദ്യ മൂന്ന് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാര്‍ രണ്ട് പോരെയും നഷ്ടപ്പെട്ട ഡ്രാഗണ്‍സിനെ അശ്വിന്‍ കൈപിടിച്ചുനടത്തി. വിക്കറ്റ് കീപ്പര്‍ ബാബ ഇന്ദ്രജിത്തിനെ ഒപ്പം കൂട്ടി മൂന്നാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെ ഇന്ദ്രജിത്തിനെ നഷ്ടമായെങ്കിലും അശ്വിന്‍ വെടിക്കെട്ട് തുടര്‍ന്നു. 35 പന്തില്‍ 32 റണ്‍സാണ് ഇന്ദ്രജിത് നേടിയത്.

ഒടുവില്‍ കിരീടത്തിന് ഒമ്പത് റണ്‍സ് മാത്രം അകലെ, ഡ്രാഗണ്‍സിന് സുരക്ഷിത സ്ഥാനത്തെത്തിച്ച് അശ്വിനും പുറത്തായി. 46 പന്ത് നേരിട്ട് മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് അശ്വിന്‍ നേടിയത്.

നോക്ക് ഔട്ട് ഘട്ടത്തില്‍ അശ്വിന്റെ മൂന്നാം അര്‍ധ സെഞ്ച്വറിയാണ്. എലിമിനേറ്ററില്‍ ചെപ്പോക് സൂപ്പര്‍ ഗില്ലിസീനെതിരെ അര്‍ധ സെഞ്ച്വറി നേടി വെടിക്കെട്ട് തുടങ്ങിയ അശ്വിന്‍ തിരുപ്പൂര്‍ തമിഴന്‍സിനെതിരെ നടന്ന രണ്ടാം ക്വാളിഫയറില്‍ ഓപ്പണറായി ഇറങ്ങി 230.00 സ്‌ട്രൈക്ക് റേറ്റിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ശേഷം ഫൈനലിലും അശ്വിന്‍ തന്റെ അനുഭവസമ്പത്തിന്റെ മാസ്റ്റര്‍ ക്ലാസ് വ്യക്തമാക്കി.

അതേസമയം, എം. ശരത് കുമാറും ഭൂപതി വൈഷ്ണ കുമാറും ചേര്‍ന്ന് ഡ്രാഗണ്‍സിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. ടി.എന്‍.പി.എല്ലില്‍ ഡ്രാഗണ്‍സിന്റെ ആദ്യ കിരീടമാണിത്.

അശ്വിനാണ് കളിയിലെ താരം. കോവൈ നായകന്‍ ഷാരൂഖ് ഖാനാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്.

Content highlight: TNPL 2024: Dindigul Dragons defeated Kovai Kings in the Final

We use cookies to give you the best possible experience. Learn more