തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു. എന്‍.പി.ആര്‍. കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഡ്രാഗണ്‍സ് വിജയിച്ചുകയരിയത്.
ഗില്ലീസ് ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്തും നാല് വിക്കറ്റും ശേഷിക്കെ ഡ്രാഗണ്‍സ് മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ശിവം സിങ്ങിന്റെയും ക്യാപ്റ്റന്‍ ആര്‍. അശ്വിന്റെയും കരുത്തിലാണ് ഡ്രാഗണ്‍സ് വിജയിച്ചുകയറിയത്.
മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡഗ് ഔട്ടില്‍ നിന്നും തന്റെ സഹതാരത്തോട് ദേഷ്യപ്പെടുന്ന സൂപ്പര്‍ താരം ആര്‍. അശ്വിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സ്വതവേ ശാന്തനായ, അധികം അഗ്രഷനോ സ്ലെഡ്ജിങ്ങോ ഒന്നും കൈവശമില്ലാത്ത അശ്വിന്‍ എന്തിനാണ് ഇത്രയും ചൂടായത് എന്നുള്ള അന്വേഷണത്തിലായി ആരാധകര്‍. ഒടുവില്‍ അശ്വിന്റെ ദേഷ്യത്തിനുള്ള കാരണവും അവര്‍ കണ്ടെത്തി.
ഡ്രാഗണ്‍സ് ഇന്നിങ്‌സിന്റെ 16ാം ഓവറിന്റെ രണ്ടാം പന്തില്‍ ഡ്രാഗണ്‍സ് താരം എം. ശരത് കുമാര്‍ ഒരു മോശം ഷോട്ട് കളിച്ചിരുന്നു. എന്നാല്‍ ബാറ്ററുടെ ഭാഗ്യം കൊണ്ട് മാത്രം ഫീല്‍ഡര്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തി.
തോറ്റാല്‍ പുറത്താകുമെന്നിരിക്കെ ഇത്തരത്തില്‍ ഒരു മോശം ഷോട്ട് കളിച്ചതാണ് ഡ്രാഗണ്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വിനെ ചൊടിപ്പിച്ചത്. ഇതോടെ താരം ശരത് കുമാറിനെ വഴക്ക് പറയുകയായിരുന്നു.
അതേസമയം, നേരത്തെ ടോസ് നേടിയ ഡ്രാഗണ്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നായകന്‍ ബാബ അപരജിത്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൂപ്പര്‍ ഗില്ലീസ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. എട്ട് ഫോറും ഒരു സിക്‌സറും അടക്കം 54 പന്തില്‍ 72 റണ്‍സ് നേടിയാണ് അപരജിത് പുറത്തായത്. 16 പന്തില്‍ 25 റണ്‍സ് നേടിയ നാരായണ്‍ ജഗദീശനും ഒമ്പത് പന്ത് നേരിട്ട് പുറത്താകാതെ 22 റണ്‍സ് നേടിയ അഭിഷേക് തന്‍വറുമാണ് ഗില്ലീസ് സ്‌കോര്‍ ഉയര്‍ത്തിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ ഗില്ലീസ് 158 റണ്‍സ് നേടി.
ഡ്രാഗണ്‍സിനായി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിഗ്നേഷ് പുത്തൂര്‍, സുഭോത് ഭാട്ടി, വരുണ്‍ ചക്രവര്‍ത്തി, വി.പി. ധീരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
159 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഡ്രാഗണ്‍സിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ ഓപ്പണര്‍ രാമചന്ദ്രന്‍ വിമല്‍ കുമാര്‍ പുറത്തായി. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ഇതോടെ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് അശ്വിന്‍ വണ്‍ ഡൗണായി കളത്തിലിറങ്ങി. ശിവം സിങ്ങിനൊപ്പം രണ്ടാം വിക്കറ്റില്‍ 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് അശ്വിന്‍ സ്വന്തമാക്കിയത്.
ടീം സ്‌കോര്‍ 115ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി അശ്വിനെ ഡിണ്ടിഗലിന് നഷ്ടമായി. 35 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു അശ്വിന്റെ ഇന്നിങ്‌സ്.
പിന്നാലെയെത്തിയത് ബാബ ഇന്ദ്രജിത്തായിരുന്നു. സൂപ്പര്‍ ഗില്ലീസ് നായകന്‍ ബാബ അപരജിത്തിന്റെ ഇരട്ട സഹോദരന്‍ കൂടിയായ ഇന്ദ്രജിത്തിന് പക്ഷേ മത്സരത്തില്‍ തിളങ്ങാനായില്ല. ഗോള്‍ഡന്‍ ഡക്കായി താരം മടങ്ങി.
അശ്വിന്‍ പുറത്തായെങ്കിലും മറുവശത്ത് നിന്ന് ശിവം സിങ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 138ല്‍ നില്‍ക്കവെ സിങ്ങിനെയും ഗില്ലീസ് മടക്കി. 49പന്തില്‍ 64 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയവരില്‍ സുഭോത് ഭാട്ടിയും (12 പന്തില്‍ പുറത്താകാതെ 14), എം. ശരത് കുമാറും (11 പന്തില്‍ 12) ചെറുത്തുനിന്നപ്പോള്‍ ഡ്രാഗണ്‍സ് ഒരു പന്ത് ശേഷിക്കെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി.