രാജരാജ ചോളന്‍ ഒന്നാമന്റെ കാലത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരിക്കുകയാണ്.
ഇതേ സംഭവത്തിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും നടക്കുന്നതിനിടെ സംവിധായകനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
രാജരാജ ചോളന്റെ കാലത്തെ സമൂഹത്തെ കുറിച്ച് സംവിധായകന്‍ പാ രഞ്ജിത്ത് തന്റെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ഒരു തെറ്റുമില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.എസ് അഴഗിരി പറഞ്ഞു. ചോള രാജാവിനെ കുറിച്ച് രഞ്ജിത് വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അഭിപ്രായം പറഞ്ഞോ എന്ന് എനിക്കറിയില്ല. അത്തരം പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അഴഗിരി പറഞ്ഞു.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന സമൂഹം സമത്വം നിലനില്‍ക്കാത്തതും അസമത്വം നിലനില്‍ക്കുന്നതും ആയിരുന്നു. ചോളാ കാലത്തെ ശിലാലിഖിതങ്ങള്‍ സൂക്ഷ്മമായി വായിച്ചാല്‍ സത്യം അറിയാം. ചോള കാലത്ത്, അവര്‍ കടല്‍മാര്‍ഗ വ്യാപാരത്തില്‍ പ്രഗത്ഭരായിരുന്നു അവര്‍, കൃഷിയിലും ജലസേചനത്തിലും ക്ഷേത്ര നിര്‍മ്മാണത്തിലും മികവ് പുലര്‍ത്തി. സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍ ഓര്‍ത്താല്‍ ഇങ്ങനെ പറയാം, ആ സുവര്‍ണ്ണകാലഘട്ടമെന്നത് സമൂഹത്തിലെ എല്ലാവര്‍ക്കും സുവര്‍ണ്ണ കാലഘട്ടമായിരുന്നില്ലെന്നും അഴഗിരി പറഞ്ഞു.
ചോള കാലഘട്ടത്തിലെ സമൂഹത്തില്‍ ഭരിക്കുന്നവരും അടിമകളും ഉണ്ടായിരുന്നു. സമൂഹ ക്രമത്തില്‍ മുകള്‍ തട്ടിലുള്ളവരും താഴെ തട്ടിലുള്ളവരും ഉണ്ടായിരുന്നു. അത് സമത്വപൂര്‍ണ്ണമായിരുന്ന ഒരു സമൂഹമാണെന്നതിന് യാതൊരു തെളിവുമില്ല.താഴ്ന്ന ജാതികളിലെ സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കപ്പെടുകയും അവര്‍ അടിമകളുമായിരുന്നു. ഈ അവസ്ഥക്ക് രാജ രാജ അല്ലെങ്കില്‍ ചോളന്‍മാര്‍ ഉത്തരവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല. രാജ രാജയെ താഴ്ത്തിക്കെട്ടുകയായിരുന്നു രഞ്ജിത്തിന്റെ താല്‍പര്യമെന്ന് ഞാന്‍ കരുതുന്നില്ലെന്നും അഴഗിരി പറഞ്ഞു.