Sports News
ധോണിയുടെ ടീമിനെ കളിപ്പിക്കില്ല; തമിഴ്‌നാടിന്റെ ദത്തുപുത്രനോട് നോ പറഞ്ഞ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍; റിപ്പോര്‍ട്ട്
വരാനിരിക്കുന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ തന്റെ ഹോം ടീമായ ജാര്‍ഖണ്ഡിനെ കൂടി ഉള്‍പ്പെടുത്തണമെന്ന എം.എസ്. ധോണിയുടെ ആവശ്യം നിരാകരിച്ച് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍. ഇതിനോടകം തന്നെ ആവശ്യത്തിന് ടീമുകളുണ്ടെന്ന കാരണത്താലാണ് ടി.എന്‍.സി.എ ധോണിയുടെ ആവശ്യം നിരാകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
രഞ്ജി ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബുച്ചി ബാബു ടൂര്‍ണമെന്റ് വീണ്ടും ആരംഭിക്കാനൊരുങ്ങുന്നത്.
12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മൂന്ന് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തുന്ന ടീം സെമിയില്‍ പ്രവേശിക്കും.
ഫോര്‍ – ഡേ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ഡിണ്ടിഗല്‍, സേലം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നിവടങ്ങളിലായാണ് മത്സരം അരങ്ങേറുന്നത്.
മറ്റ് സ്റ്റേറ്റ് ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നലെയാണ് എട്ട് ടീമുകളുടെ ടൂര്‍ണമെന്റ് 12ലേക്ക് ഉയര്‍ത്തിയത്. ത്രിപുര, മധ്യപ്രദേശ്, ഹരിയാന സ്റ്റേറ്റ് ടീമുകള്‍ ടൂര്‍ണമെന്റില്‍ സാമന്നിധ്യമറിയിക്കുന്നുണ്ട്.
ഇതോടെയാണ് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എം.എസ്. ധോണി തന്റെ സ്‌റ്റേറ്റ് ടീമിനെയും പങ്കെടുപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഓപ്പണ്‍ സ്ലോട്ട് ഇല്ലാത്തതിനാല്‍ താരത്തിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.
‘എം.എസ്. ധോണി ജാര്‍ഖണ്ഡിനെ ടൂര്‍ണമെന്റിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഷെഡ്യൂള്‍ വളരെ ടൈറ്റായിരുന്നു. ഇതിനോടകം തന്നെ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് അവരെ ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങല്‍ക്ക് സാധിച്ചില്ല. ഛത്തീസ്ഗഢും സര്‍വീസസും പോലും പങ്കെടുത്താന്‍ ആഗ്രഹിച്ചിരുന്നു.
ഡിണ്ടിഗല്‍, സേലം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഗ്രീന്‍ ടോപ്പുകളിലാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രീ സീസണില്‍ താരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ഇതിലൂടെ സാധിക്കും,’ ടി.എന്‍.സി.എ സെക്രട്ടറി ആര്‍. പളനി പറഞ്ഞു.
തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് രണ്ട് ടീമുകളും കേരളവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
മൂന്ന് ലക്ഷം രൂപയാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷവും ലഭിക്കും.
Content highlight: TNCA denies MS Dhoni’s proposition to include Jharkhand in the upcoming Buchi Babu tournament