ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാവുന്നതിനിടെ സമരാനുകൂലിയായ യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ഈറോഡ് സ്വദേശി ധര്‍മലിംഗമാണ്(25) കഴിഞ്ഞ ദിവസം സമരത്തിനിടെ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാലത്ത് 8.45 ഓടെ മരിച്ചു.
ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തിയതിനെ തുടര്‍ന്ന് പ്രക്ഷോഭം ശക്തമായതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഇന്നലെ ചെന്നൈയില്‍ അരങ്ങേറിയത്. ഹെലികോപ്റ്ററിലെത്തിയ മോദിക്ക് നേരെ പ്രക്ഷോഭകര്‍ കറുത്ത ബലൂണുകള്‍ പറത്തിവിട്ടു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. തമിഴ് വാഴ്മുറൈ കക്ഷി നേതാവ് വേല്‍മുരുഗനെയും അനുയായികളെയും ആലന്ദൂര്‍ ഏരിയയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് വൈകോയും പ്രവര്‍ത്തകരും രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.എം.കെ, തമിഴക വാഴ്വൊരുമെയ് കക്ഷി, കര്‍ഷക സംഘടനകള്‍ തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വിമാനത്താവളത്തില്‍ സ്വീകരിച്ചു. റോഡ് ഉപരോധത്തെ തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് മോദി പരിപാടി നടക്കുന്ന തിരുവിടന്തായില്‍ എത്തിയത്.