വിരമിച്ച ശേഷവും സി-ഡിറ്റ് രജിസ്ട്രാര്‍; ടി.എന്‍ സീമയുടെ ഭര്‍ത്താവിന്റത് ബന്ധുനിയമനമെന്ന് രമേശ് ചെന്നിത്തല
Kerala News
വിരമിച്ച ശേഷവും സി-ഡിറ്റ് രജിസ്ട്രാര്‍; ടി.എന്‍ സീമയുടെ ഭര്‍ത്താവിന്റത് ബന്ധുനിയമനമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 8:34 am

തിരുവനന്തപുരം:സി.പി.ഐ.എം നേതാവ് ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ വിരമിച്ചതിന് ശേഷവും സി-ഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

ടി.എന്‍ സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ നിയമിച്ചത് ബന്ധുനിയമനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പില്‍ സി- ഡിറ്റിനെ ദുരുപയോഗം ചെയ്യുകയാണ് ഇത്തരം നിയമനത്തിലൂടെയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

2016 ജൂണ്‍ ഒന്നാം തിയ്യതിയായിരുന്നു സി-ഡിറ്റ് രജിസ്ട്രാര്‍ ആയി ജയരാജനെ നിയമിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ജയരാജന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

ALSO READ: പാലക്കാട് ഷാഫി പറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും; മല്‍സരത്തിന് തയ്യാറെടുക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

ഇതിന് പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.പുതിയ രജിസ്ട്രാര്‍ വരുന്നതു വരെ ജയരാജന് തുടരാം. ജയരാജന്റെ തന്നെ അപേക്ഷയിലാണ് പുനര്‍നിയമനം.

സി-ഡിറ്റ് പോലൊരു സ്ഥാപനത്തില്‍ ദൈനംദിന കാര്യങ്ങളുടെ ഭരണപരമായ നടത്തിപ്പിന് ഉദ്യോഗസ്ഥന്‍ ഇല്ലാതെ വരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ടാണ് പുനര്‍ നിയമനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.