തിരുവനന്തപുരം: സിന്ധു ജോയിയെ അഭിസാരികയെപ്പോലെ യു.ഡി.എഫ് ഉപയോഗിച്ച് ഒഴിവാക്കിയെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്റെ പ്രസ്താവന വിവാദത്തില്‍. പ്രസ്താവനക്കെതിരെ പാര്‍ട്ടിയിലെ വനിതാ നേതാക്കളടക്കമുള്ളവര്‍ രംഗത്തുവന്നു. വി.എസിന്റെ പ്രസ്താവന ന്യായീകരിക്കാനാവില്ലെന്ന് ടി.എന്‍ സീമ എം.പി വ്യക്തമാക്കി. ” ഇത്തരം പദപ്രയോഗങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. രാഷ്ട്രീയ കുതിരക്കച്ചവടത്തെക്കുറിച്ചാണ് വി.എസ് പറഞ്ഞത്. എന്നാല്‍ ഇത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഒരു സ്ത്രീയെക്കുറിച്ചും ഒരു നേതാവും ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. പ്രസ്താവന വി.എസ് പുനപരിശോധിക്കണം”- സീമ വ്യക്തമാക്കി. എന്നാല്‍ സിന്ധുവിനെ അപമാനിക്കാന്‍ വി.എസ് ശ്രമിച്ചിട്ടില്ലെന്നും വി.എസിന്റെത് വെറും ഉപമ മാത്രമാണെന്നും പി.കെ ശ്രീമതി പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് രംഗത്തെത്തി. സിന്ധു ജോയിക്കെതിരെ വി.എസ് നടത്തിയ അഭിപ്രായപ്രകടനം ഹീനമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. വി എസിനെ സി.പി.ഐ.എം നിലയ്ക്ക് നിര്‍ത്തണമെന്നും ലതികാ സുഭാഷ് പറഞ്ഞു. വി എസിന്റെ പ്രസ്താവനയേക്കുറിച്ച് വൃന്ദാ കാരാട്ടിന് എന്താണ് പറയാനുള്ളതെന്നും അവര്‍ ചോദിച്ചു.
Malayalam news
Kerala news in English