| Thursday, 3rd March 2016, 12:01 am

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം; കേന്ദ്രത്തിന്റെ തീരുമാനം ആരായും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജീവ് ഗാന്ധിവധക്കേസില്‍ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ അഭിപ്രായം ആരാഞ്ഞ് തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി. 24 വര്‍ഷമായി ജയിലില്‍ കഴിയുന്ന 7 പ്രതികളെയും വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര അഭ്യന്തര സെക്രട്ടറിക്ക് തമിഴ്‌നാട് ചീഫ് സെക്രട്ടറി ജ്ഞാനദേശികനെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

435ാം വകുപ്പ് പ്രകാരം സി.ബി.ഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയോ കൈകാര്യം ചെയ്ത കേസിലെ പ്രതികളെ വിട്ടയക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. രാജീവ് കേസിലെ പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരമില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. തമിഴ്‌നാടിന്റെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഉത്തരവിറക്കിയിരുന്നത്.

മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 2014ല്‍ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. റോബര്‍ട്ട് പയസ്, ജയകുമാര്‍, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ പൗരന്‍മാരും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.

We use cookies to give you the best possible experience. Learn more