തൃശൂര്‍: കെ.എം. ബഷീറിന് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പാഴ്വാക്കും പൊള്ളയായ വാഗ്ദാനവുമായി ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. ഈ ധാര്‍ഷ്ട്യത്തിന് സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും പ്രതാപന്‍ പറഞ്ഞു.
ഈ തീരുമാനം എന്നത്തേയും പോലെ യു ടേണ്‍ എടുത്തിട്ടെങ്കിലും മാറ്റിയിട്ടില്ലായെങ്കില്‍ ഇടതുപക്ഷത്തിന് മേല്‍വിലാസം ഇല്ലാത്തവിധം കാര്യങ്ങള്‍ പരിണമിക്കും. അത്രമേലുണ്ട് വിവിധ വിഷയങ്ങളില്‍ ജനരോഷമെന്നു പ്രതാപന്‍ പറഞ്ഞു.
‘കെ.എം. ബഷീര്‍ എന്ന ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ചുകൊന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി വാഴിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് എല്ലാ ജില്ലകളിലും പതിനായിരങ്ങളാണ് പ്രതിഷേധവുമായി എത്തിയത്.
അഹങ്കാരവും ദുഷ്ചിന്തകളും നയിക്കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നീതിയെയും വെല്ലുവിളിക്കുന്ന നടപടിയാണ് മറ്റനേകം വിഷയങ്ങളിലെ പോലെ ഈ വിഷയത്തിലും കൈകൊണ്ടിട്ടുള്ളത്. രണ്ടാം പിണറായി സര്‍ക്കാരും പൂര്‍ണാര്‍ത്ഥത്തില്‍ പരാജയമായി മാറിക്കൊണ്ടിരിക്കുന്നത് ദിനേനയെന്നോണം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്,’ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാണ് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടത്.
ഇതിനിടെ നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോണ്‍ഗ്രസും മുസ്‌ലീം ലീഗും ബഹിഷ്‌കരിച്ചു.
കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണം.