തൃശൂര്‍: കെ.എം. ബഷീറിന് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പാഴ്വാക്കും പൊള്ളയായ വാഗ്ദാനവുമായി ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. ഈ ധാര്‍ഷ്ട്യത്തിന് സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും പ്രതാപന്‍ പറഞ്ഞു.
ഈ തീരുമാനം എന്നത്തേയും പോലെ യു ടേണ്‍ എടുത്തിട്ടെങ്കിലും മാറ്റിയിട്ടില്ലായെങ്കില്‍ ഇടതുപക്ഷത്തിന് മേല്‍വിലാസം ഇല്ലാത്തവിധം കാര്യങ്ങള്‍ പരിണമിക്കും. അത്രമേലുണ്ട് വിവിധ വിഷയങ്ങളില്‍ ജനരോഷമെന്നു പ്രതാപന്‍ പറഞ്ഞു.
‘കെ.എം. ബഷീര്‍ എന്ന ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ചുകൊന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി വാഴിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് എല്ലാ ജില്ലകളിലും പതിനായിരങ്ങളാണ് പ്രതിഷേധവുമായി എത്തിയത്.
അഹങ്കാരവും ദുഷ്ചിന്തകളും നയിക്കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നീതിയെയും വെല്ലുവിളിക്കുന്ന നടപടിയാണ് മറ്റനേകം വിഷയങ്ങളിലെ പോലെ ഈ വിഷയത്തിലും കൈകൊണ്ടിട്ടുള്ളത്. രണ്ടാം പിണറായി സര്‍ക്കാരും പൂര്‍ണാര്‍ത്ഥത്തില്‍ പരാജയമായി മാറിക്കൊണ്ടിരിക്കുന്നത് ദിനേനയെന്നോണം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്,’ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.